കാട്ടിക്കുളം: ആദിവാസി കുടുംബത്തിന്‍െറ സൈ്വരജീവിതം തകര്‍ത്ത് റിസോര്‍ട്ട് മാഫിയ. കുറുവാ ദ്വീപിനോട് ചേര്‍ന്ന പുതിയൂര്‍ കളദുര്‍ കാട്ടുനായ്ക്ക കോളനിയിലെ മറിയും ഭാര്യ ദേവകിയും ആറു പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് റിസോര്‍ട്ട് മൂലം പ്രയാസപ്പെടുന്നത്. മീറ്ററുകളുടെപോലും ദൂരമില്ലാതെ കോണ്‍ക്രീറ്റ് തൂണുകളില്‍ കെട്ടി ഉയര്‍ത്തിയ കോട്ടേജുകളുടെ ജനലുകള്‍ മറിയുടെ വീടിനു അഭിമുഖമായാണുള്ളത്. ഇവര്‍ക്ക് പ്ളാസ്റ്റിക് ഷീറ്റുകളാല്‍ മറച്ച താല്‍ക്കാലിക ശുചിമുറിയാണുള്ളത്. ആറ് പെണ്‍കുട്ടികളും, മറിയും ഭാര്യയും ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും ഉപയോഗിക്കുന്നത് ഈ ശുചിമുറിയാണ്. എന്നാല്‍, റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ക്കായി ശുചിമുറിയില്‍ പോകുന്നതിനോ, പുറത്തിറങ്ങുന്നതിനോ, മുറ്റം വൃത്തിയാക്കുന്നതിനോ, പുറത്തിറങ്ങാന്‍ പോലുമോ സാധിക്കാത്ത അവസ്ഥയിലാണ്. റിസോര്‍ട്ടിലത്തെുന്ന ടൂറിസ്റ്റുകള്‍ ജനലുകളും വാതിലുകളും തുറന്ന് മറിയെയും കുടുംബത്തെയും കാഴ്ച വസ്തുവാക്കുകയാണ്. രാപ്പകലില്ലാതെ മദ്യപിച്ച് വലിയ ശബ്ദമുണ്ടാക്കുകയും, പാട്ടുകള്‍ പാടിയും ആഘോഷങ്ങളുമായി താമസിക്കുന്നവര്‍ മൊബൈല്‍ ഫോണുകളില്‍ ഫോട്ടോയെടുക്കാറുണ്ടെന്നും മറി പറയുന്നു. റിസോര്‍ട്ടിന്‍െറ പ്രവൃത്തികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് മാനന്തവാടി റവന്യു ഡിവിഷനല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൃശ്ശിലേരി വില്ളേജ് ഓഫിസര്‍ മുഖേന അന്വേഷണം നടത്തിയ സബ് കലക്ടര്‍ റിസോര്‍ട്ട് ഉടമകളുടെ നിയമലംഘനങ്ങളൊന്നും അന്വേഷിക്കാതെ വീടിനു സമീപമുള്ള മതില്‍ എട്ടു മുതല്‍ 10 അടി വരെ ഉയര്‍ത്താനാണ് നിര്‍ദേശിച്ചത്. പഞ്ചായത്തിന്‍റ രേഖകളില്‍ കോട്ടേജുകള്‍ക്കാണ് അനുമതി. എന്നാല്‍, സബ് കലക്ടറുടെ നടപടിക്രമത്തില്‍ റിസോര്‍ട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ട്രൈബല്‍ ഹാംലെറ്റ്കളില്‍ റിസോര്‍ട്ട് നിര്‍മാണത്തിനും മറ്റു വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായിട്ടുള്ള ആദിവാസികളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അന്വേഷണം നടത്തുന്ന സമയത്തും നിര്‍ബന്ധമായും ആവശ്യമുള്ള പഞ്ചായത്ത് ലൈസന്‍സ് ഇല്ലായിരുന്നു എന്നും വിവരാവകാശ രേഖകള്‍ സഹിതം മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാന്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.