കിളിമാനൂർ: ഇറച്ചിക്കോഴികളുമായി വന്ന പിക്-അപ് വാഹനത്തിൻെറ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ച് വാഹനവും കോഴികളുമായി കടന്ന ഏഴംഗ സംഘത്തെ കിളിമാനൂർ പൊലീസ് പിടികൂടി. നിരവധി കവർച്ചക്കേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയായ തൊളിക്കോട് ഷാജി എന്ന ആനാട് തൊളിക്കോട്, പതിനെട്ടാംകല്ല്, സുൽഫത്ത് മൻസിലിൽ ഷാജി (48), പുല്ലമ്പാറ പേരുമല, കരിമ്പുവിള സഫീനാ മൻസിലിൽ സഫീർഖാൻ (25), പുല്ലമ്പാറ, അയ്യമ്പാറ, ഇരപ്പിൽ, തടത്തരികത്ത് വീട്ടിൽ അഭിലാഷ് (29) പുല്ലമ്പാറ, പേരുമല, കരിമ്പുവിള താഴത്തുവീട്ടിൽ മനീഷ്കുമാർ (27). പുല്ലമ്പാറ, പേരുമല, ഓലിക്കര മൂലയിൽ, ഷിബു (36), പേരുമല, ഓലിക്കര കുന്നുംപുറത്ത് വീട്ടിൽ സുബിൻ (26), വാമനപുരം, മേലാറ്റുമൂഴി എലിക്കോട്ടുകോണം, ചരുവിളപുത്തൻവീട്ടിൽ അജേഷ് (28) എന്നിവരെയാണ് കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഞായറാഴ്ച പുലർച്ച മൂന്നോടെ കിളിമാനൂർ കാരേറ്റ് പെട്രോൾ പമ്പിന് സമീപം അറഫാ പൗൾട്രിഫാമിലേക്ക് കോഴികളെ കൊണ്ടുവന്ന പിക്-അപ് വാഹനം ഡ്രൈവർ ലിജുവിനെ ആക്രമിച്ച് പരിക്കേൽപിച്ച് സംഘം തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുക്കുമ്പോൾ 29 പെട്ടികളിലായി ഏകദേശം നാനൂറോളം ഇറച്ചിക്കോഴികളും പിക്-അപ്പിലുണ്ടായിരുന്നു. ചെങ്കിക്കുന്ന് സ്വദേശി അനൂപിൻെറ ഉടമസ്ഥതയിലുള്ളതാണ് പിക്-അപ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൊളിക്കോട് ഷാജിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം രണ്ടുകാറുകളിലെത്തി വാഹനം തടഞ്ഞാണ് ആക്രമണം നടത്തിയത്. വാഹന ഉടമയുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം തുടരവെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പുല്ലമ്പാറയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് വാഹനവും കോഴികളും കണ്ടെടുത്തു. പ്രതികൾ പുല്ലമ്പാറ പ്രദേശത്ത് സ്ഥിരം സാമൂഹിക വിരുദ്ധരും കൂലിത്തല്ല്, കവർച്ച അടക്കമുള്ള കേസുകളിലെ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.