വടക്കാഞ്ചേരി പീഡനക്കേസ് വ്യാജമെന്ന്​; അന്വേഷണം അവസാനിപ്പിച്ചു

തൃശൂർ: സി.പി.എം കൗൺസിലർ ഉൾപ്പെട്ട വിവാദമായ വടക്കാഞ്ചേരി പീഡന കേസിൽ സർക്കാറിൻെറ അന്തിമ റിപ്പോർട്ട്‌ പുറത്ത്. ആര ോപണം വ്യാജമാണെന്നും തെളിവില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായും കോടതിയിൽ റിപ്പോർട്ട് നൽകിയതായും ആഭ്യന്തര വകുപ്പ് രേഖാമൂലം വ്യക്തമാക്കി. അനിൽ അക്കര എം.എൽ.എക്ക് വിവരാവകാശപ്രകാരമാണ് മറുപടി നൽകിയത്. പരാതി ഉന്നയിച്ച യുവതിയും ഭർത്താവും ആരോപിതനായ സി.പി.എം കൗൺസിലർ ജയന്തന് മൂന്നര ലക്ഷം രൂപ രേഖകളില്ലാതെ കടമായി നൽകിയിരുന്നു. ഇത് നൽകാത്തതും യുവതിയുടെ ഭർത്താവിന് നേരെയുണ്ടായ മർദനത്തിലുണ്ടായ വിരോധവുമാണ് പരാതിക്കു കാരണമെന്നാണ് കേസ് അന്വേഷിച്ച ജി. പൂങ്കുഴലി റിപ്പോർട്ട് നൽകിയത്. തെളിവില്ലാതെ കേസ് എടുക്കരുതെന്ന സുപ്രീംകോടതി വിധികൾ ഉള്ളതിനാൽ, പരാതി വ്യാജമാണെന്ന് കണ്ടെത്തിയെന്നും എഫ്.ഐ.ആർ തെറ്റാണെന്ന് കാണിച്ചു കോടതിയിൽ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. 2016 ആഗസ്റ്റിൽ പൊലീസിന് പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കാത്തതിനാൽ 2016 നവംബർ മൂന്നിന് ചലച്ചിത്ര പ്രവർത്തകരും സാമൂഹിക പ്രവർത്തകരുമായ ഭാഗ്യലക്ഷ്മി, മാലാ പാർവതി എന്നിവരോടൊപ്പം തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്തിയായിരുന്നു ആരോപണം വെളിപ്പെടുത്തിയത്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ പി.എൻ. ജയന്തൻ ഉൾപ്പെടെ നാലുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ആരോപണത്തെ തുടർന്ന് ജയന്തനെയും മറ്റൊരു പാർട്ടി അംഗം ബിനീഷിനെയും സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന ആക്ഷേപത്തിൽ സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ ദേശീയ വനിത കമീഷൻ കേസെടുക്കുകയും ചെയ്തു. കേസിൽ പ്രതികളുടെ നുണ പരിശോധന അടക്കം നടത്തി. നുണ പരിശോധനക്ക് പരാതിക്കാരി സമ്മതിക്കാതിരുന്നതും വിവാദമായിരുന്നു. ആരോപണ സമയത്ത് തന്നെ അഡ്വ. സംഗീത ലക്ഷ്മണ, ഇരയുടെ പരാതിയിൽ ശരികളുടെ അംശം കുറവാണെന്ന് അഭിപ്രായപ്പെട്ടതും വിവാദത്തിനിടയാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതിൽ സന്തോഷമെന്ന് പി.എൻ. ജയന്തൻ പ്രതികരിച്ചു. കേസ് അട്ടിമറിക്കാൻ ഇടപെട്ടത് വനിത സി.ഐ- എം.എൽ.എ തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിച്ചുവെന്ന് അനിൽ അക്കര എം.എൽ.എ. വിചിത്ര ന്യായം നിരത്തി വാദിയെ പ്രതിയാക്കി അന്വേഷണം അവസാനിപ്പിച്ചത് പൊലീസിന് അപമാനമാണ്. അന്വേഷണ സംഘത്തിലെ വനിത സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് സി.പി.എം നേതാക്കള്‍ക്കും പ്രതികള്‍ക്കും ഇടയിലുള്ള പാലമായി പ്രവര്‍ത്തിച്ചതെന്ന് എം.എൽ.എ ആരോപിച്ചു. പീഡനസ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും ഉള്‍പ്പെടെ ലഭിച്ചിട്ടും തൊണ്ടിയായി ശേഖരിക്കാതെ പ്രതികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണ് പൊലീസ് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയും അഭിഭാഷകയും നേരിട്ടും രേഖാമൂലവും അഭ്യർഥിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് നിയമപരമായതടക്കം സഹായം നല്‍കിയതെന്നും അനിൽ അക്കര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.