തൃശൂർ: വീണ് നിലം പരിശായ കോൺഗ്രസിനും അതിൻെറ നേതാവ് രാഹുൽ ഗാന്ധിക്കും തൃശൂർ അതിരൂപതയുടെ കുത്ത്. കേരളത്തിൽ വലിയ വിജയം നേടിയതിൽ അർമാദിക്കേണ്ടെന്ന് ഇക്കാലമത്രയും തങ്ങൾ താങ്ങി നിർത്തിയ കോൺഗ്രസിന് താക്കീത് നൽകാനും സഭ മടിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പിയെ അഭിനന്ദനമറിയിച്ച് മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ എഴുതിയ ലേഖനത്തിലാണ് തൃശൂർ അതിരൂപതയുടെ മനംമാറ്റം. ചിതറിയ പ്രതിപക്ഷത്തിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് മാസികയുടെ വിമർശനം. 'ചിതറിയ പ്രതിപക്ഷത്തിന് തിരിച്ചടി; കേന്ദ്രസർക്കാറിൽ പ്രതീക്ഷകളേറെ' എന്ന തലക്കെട്ടിൽ ആദ്യപേജിലാണ് സഭ ബി.ജെ.പിയെ പ്രകീർത്തിച്ചത്. 'പ്രതിപക്ഷത്തെ നിലപാടുകൾ സംശയത്തോടെ ജനങ്ങൾ തള്ളിക്കളഞ്ഞു. അധികാരമോഹികളുടെ കൂട്ടമായ പ്രതിപക്ഷത്തെ അനൈക്യമാണ് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയത്. ഷീല ദീക്ഷിതിൻെറ പിടിവാശിമൂലം ഡൽഹിയിൽ കോൺഗ്രസ് ഒന്നുമല്ലാതായി. ഇത്തരം നേതാക്കളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട രാഹുൽഗാന്ധിയുടെ പതനം അമേഠിയിൽ പൂർണമായി' സഭ വിലയിരുത്തുന്നു. തുടർന്നാണ് മുറിവിൽ മുളക് തേക്കുന്ന ആ താക്കീത്- കോൺഗ്രസ് കേരളത്തിൽ വലിയ വിജയം നേടിയെങ്കിലും ആഹ്ലാദിക്കാൻ വകയില്ല. കേരളത്തിലെ ഇടതുമുന്നണിക്കേറ്റ പരാജയം സർക്കാറിൻെറ കണ്ണുതുറപ്പിക്കാനുള്ളതാണ്. കേന്ദ്രത്തിൽ മതേതര സർക്കാർ ഉണ്ടാകണമെന്ന ജനങ്ങളുടെ ആഗ്രഹവും സംസ്ഥാനത്ത് ജനകീയത കൈവരിക്കാൻ കഴിയാത്ത ഭരണത്തോടുള്ള അമർഷവുമാണ് യു.ഡി.എഫിന് ലഭിച്ച അപ്രതീക്ഷിത വിജയത്തിന് കാരണം. വി.എസ്. അച്യുതാനന്ദനെപ്പോലെ ജനകീയ ശൈലി പിണറായി വിജയന് ഇല്ലാതെ പോയി. അക്രമ രാഷ്ട്രീയത്തിനും ഫാഷിസത്തിനും ധാർഷ്ട്യത്തിനുമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം-സഭ അഭിപ്രായമെപ്പടുന്നു. വിശാലമായ രാജ്യതാൽപ്പര്യത്തിന് വേണ്ടി സ്വാർഥതാൽപര്യങ്ങൾ ത്യജിക്കാൻ ഇനിയെങ്കിലും തയാറായില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പിൻെറ പാഠമെന്ന് പരാജിതരെ ഓർമിപ്പിക്കുന്ന സഭ രാജ്യത്തിൻെറ മുന്നേറ്റത്തിനായി ഒന്നിച്ച് നിൽക്കാമെന്ന മോദിയുടെ ആഹ്വാനത്തിൽ ആശ്വാസം െകാള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.