തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം വീടില്ലാത്തവർക്ക് വീട് വെച്ചുനൽകുന്ന പദ്ധതിയിൽ തീരനിവാസികളെ സമ്പൂർണമായി തഴഞ്ഞെന്ന് യു.ഡി.എഫ് കൗൺസിലർമാർ. ബീമാപള്ളി റഷീദ്, പീറ്റർ സോളമൻ, ജോൺസൺ ജോസഫ് തുടങ്ങി യു.ഡി.എഫ് കൗൺസിലർമാരാണ് യോഗത്തിൽ ആഞ്ഞടിച്ചത്. ബി.ജെ.പി അംഗങ്ങളും പദ്ധതി സംബന്ധിച്ച തങ്ങളുടെ പ്രതിഷേധവും യോഗത്തിൽ അറിയിച്ചു. കരിമഠം കോളനിയില്‍ ബി.എസ്.യു.പി പദ്ധതിയില്‍ നല്‍കുന്ന ഫ്ലാറ്റിെൻറ ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടയാളെ ഒഴിവാക്കിയുള്ള അജണ്ട ചർച്ചക്കിടെയാണ് ഭവനപദ്ധതിയിലെ പേരായ്മകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തിയത്. ഒാരോ വാർഡിൽനിന്ന് 10 ഗുണഭോക്താക്കളെ വീതം തെരെഞ്ഞടുക്കാനുള്ള കോർപറേഷൻ തീരുമാനം സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതംവെച്ചുനൽകാനുള്ള തന്ത്രമാണ്. തീരവാർഡുകളെ സംബന്ധിച്ചിടത്തോളം 10 പേർ എന്നത് കുറഞ്ഞ സംഖ്യയാണെന്നും അർഹരായ ഒേട്ടറെപേർ വീടില്ലാത്തവരായി ഇപ്പോഴും അവേശഷിക്കുന്നെന്നും ബീമാപള്ളി റഷീദ് കുറ്റപ്പെടുത്തി. മുട്ടത്തറ വില്ലേജിൽ വീടില്ലാത്തവരുടെ പട്ടിക നൽകാൻ വില്ലേജ് ഒാഫിസർ തയാറായില്ലെന്ന് പീറ്റർ സോളമനും ആരോപിച്ചു. എന്നാൽ, പട്ടിക കിട്ടിയതിെൻറ അടിസ്ഥാനത്തിൽ പലയിടത്തും വീട് നിർമാണം തുടങ്ങിക്കഴിഞ്ഞെന്ന് ഭരണപക്ഷ അംഗം കാഞ്ഞിരംപാറ രവി ചൂണ്ടിക്കാട്ടി. അതു ശരിയല്ലെന്നും തെൻറ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കാഞ്ഞിരംപാറ രവി അതു നേടിയെടുത്തതാണെന്നും പീറ്റർ സോളമൻ തിരിച്ചടിച്ചു. മുട്ടത്തറ വില്ലേജിൽ വിളിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം മേയറോട് ആവശ്യെപ്പട്ടു. ഒടുവിൽ ഇക്കാര്യം പരിശോധിക്കാമെന്ന് മേയർ മറുപടി നൽകി. 10 പേരായി നിജപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധിമൂലമെന്നും മേയര്‍ പറഞ്ഞു. നിലവില്‍ അഞ്ച് ഡി.പി.ആര്‍ ആണ് തയാറാക്കിയിട്ടുള്ളത്. ഇതില്‍ 1387 പേരെ ആദ്യഘട്ടത്തിലും 1862 പേരെ രണ്ട്, 1879 പേരെ മൂന്ന്, 2151 പേരെ നാല്, 588 പേരെ അഞ്ചാം ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ 1000 പേര്‍ക്ക് മാത്രമേ വീട് നല്‍കാന്‍ നഗരസഭക്ക് കഴിയുകയുള്ളൂവെന്നാണ് മേയർ ചൂണ്ടിക്കാട്ടിയത്. കൂടാതെ, വസ്തുവാങ്ങാന്‍ താൽപര്യം അറിയിച്ച 645 പേരെയും പട്ടികയിൽ ഉള്‍പ്പെടുത്തും. പദ്ധതിക്കു ശേഷവും ഇതിെൻറതുടര്ച്ചയായി ഡി.പി.ആറുകള്‍ക്ക് അവസരം നല്‍കും. അപ്പോള്‍ എഗ്രിമെൻറ് വെക്കാത്തവരെ പരിഗണിക്കാമെന്നും തീരവാസികളെ പ്രത്യേക വിഷയമായി പരിഗണിക്കാമെന്നും മേയര്‍ പറഞ്ഞു. ഡി. അനില്‍കുമാര്‍, പാളയം രാജൻ, സോളമന്‍ വെട്ടുകാട്, വി.ജി. ഗിരികുമാർ തുടങ്ങിയവർ വിഷയത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.