പത്തനാപുരം: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗതം തടയാൻ റോഡിന് കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി അഞ്ചുവയസ്സുകാരന് പരിക്കേറ്റു. നെടുംപറമ്പ് പുത്തൻവിള പുത്തൻവീട്ടിൽ ഷമ്മുവിെൻറ മകൻ മുഹമ്മദ് റഹിയാനാണ് പരിക്കേറ്റത്. പിതാവിനൊപ്പം ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. നെടുംപറമ്പ് ഇടത്തറ റോഡിെൻറ അറ്റകുറ്റപ്പണികൾക്കായാണ് വേണ്ടുന്ന സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിന് കുറുകെ കയർ വലിച്ചുകെട്ടിയിരുന്നത്. കയർ ഉയർത്തിയാണ് ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരും കടന്നുപോയിരുന്നത്. ഷമ്മു കയർ ഉയർത്തി ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ മുഹമ്മദ് റഹിയാെൻറ കഴുത്തിൽ കയർ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് റഹിയാൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കരാറുകാരനെതിരെ രക്ഷിതാക്കള്‍ പൊലിസിനും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകി. കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കാടറിയാൻ കാട്ടിനകത്തൊരു ക്യാമ്പ് പത്തനാപുരം: കാടിനെ അടുത്തറിഞ്ഞ് സ്പന്ദനങ്ങൾ മനസ്സിലാക്കാൻ വനദീപ്തി സംരക്ഷിതവനത്തില്‍ വിദ്യാർഥി ക്യാമ്പുകള്‍ തുടങ്ങി. പിറവന്തൂര്‍ പഞ്ചായത്തിലെ പത്തുപറ മനുഷ്യനിര്‍മിതവനത്തിലാണ് വിവിധയിടങ്ങളിൽ നിന്ന് വിദ്യാർഥികള്‍ അടക്കം എത്തുന്നത്. 2012ല്‍ പ്രദേശവാസികളുടെ സഹകരണത്തോടെ സോഷ്യല്‍ ഫോറസ്ട്രിയാണ് വനാതിര്‍ത്തിയില്‍ വിവിധ ഫലവര്‍ഗമരങ്ങള്‍ െവച്ചുപിടിപ്പിച്ചത്. 2000 ത്തില്‍ അക്കേഷ്യ തോട്ടമായിരുന്നു ഇവിടെ. തുടർന്നാണ് മനുഷ്യനിര്‍മിത വനം ഒരുക്കിയത്. ശെന്തുരുണി, അച്ചന്‍കോവില്‍ വനമേഖലകളിലെ നിരവധി അപൂര്‍വ വൃക്ഷങ്ങളും നാട്ടിൻപുറങ്ങളില്‍ കാണുന്ന വിവിധതരത്തിലുള്ള മരങ്ങളും 12 ഹെക്ടർ വനഭൂമിയിൽ ഉണ്ട്. മിക്ക വൃക്ഷങ്ങളിലും ഫലവർഗങ്ങൾ ഉണ്ടാകുന്നതിനാൽ കാട്ടിനുള്ളിൽനിന്ന് മയിൽ, വേഴാമ്പൽ, കുരങ്ങ്, മലയണ്ണാൻ തുടങ്ങി നിരവധി ജീവികളും സ്വാഭാവികവനത്തിലേക്ക് എത്തുന്നുണ്ട്. സമീപത്തെ പത്തുപറ ആറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് വൃക്ഷങ്ങളുടെ പരിപാലനം നടത്തുന്നത്. ആറുവർഷം കൊണ്ട് മിക്ക വൃക്ഷങ്ങളും ഇരുപത് അടിയിലേറെ ഉയരത്തിൽ വളർന്നുകഴിഞ്ഞു. തൈകളുടെ പരിപാലനം പൂർത്തിയായതിനാല്‍ പ്രദേശം വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇവിടെ നിബിഡവനം ആയി മാറുമെന്നാണ് വകുപ്പിെൻറ കണക്കുകൂട്ടൽ. അപ്പോഴേക്കും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. നിലവില്‍ ഇവിടെ എത്തുന്നവർക്കായി വനംവകുപ്പ് പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്. വനംവകുപ്പിെൻറ നേതൃത്വത്തിൽ വിജ്ഞാനകേന്ദ്രം, വനശ്രീ വിപണനകേന്ദ്രം, വൃക്ഷൈത്ത വിതരണ കേന്ദ്രം എന്നിവ ഇതിനുള്ളിൽ പ്രവർത്തിക്കുന്നു. പ്രൈമറിതലം മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികളും വിവിധ കൂട്ടായ്മകളിലെ ആളുകളും ഇവിടെ ക്ലാസുകള്‍ക്കായി എത്തുന്നുണ്ട്. ക്ലാസുകൾക്കും വനവിജ്ഞാനം ലഭിക്കാനുമായി എത്തുന്നവർക്ക് ചെറിയൊരു വനയാത്രയും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.