കോവളം: കരമനയാറിനെയും കിള്ളിയാറിനെയും ശുചീകരിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷകരിക്കെ മ റ്റു നദികളെക്കൂടി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി നഗരസഭ രംഗത്ത്. കരമനയാറ്റിലെ മലിനീകരണത്തിന് പരിഹാരം കാണാൻ നഗരസഭക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ഈയിടെ നിർദേശം നൽകിയിരുന്നു. മലിനീകരണ വിഷയത്തിൽ നഗരസഭയും പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും പരസ്പരം പഴിചാരുന്നതിനെയും ട്രൈബ്യൂണൽ വിമർശിച്ചിരുന്നു. ഇതോടെയാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ എല്ലാ നദികളും ചെറുതോടുകളും ജനപങ്കാളിത്തത്തോട ശുചീകരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ആറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ ഇല്ലാതാക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധ സമിതിയും രൂപവത്കരിച്ചു. ഇതിെൻറ ഭാഗമായി നഗരസഭാധികൃതരും ജനപ്രതിനിധികളും തിങ്കളാഴ്ച തിരുവല്ലം, അമ്പലത്തറ, പാപ്പനംകോട്, പനത്തുറ എന്നീ ഭാഗങ്ങളിലെ ആറുകളിലെ മാലിന്യം നേരിൽ കണ്ട് വിലയിരുത്തി. തിരുവല്ലം, ഇടയാർ, തേരിയാമുട്ടം ഭാഗങ്ങളിൽ പാർവതീ പുത്തനാറിലൂടെ ഒഴുകിയെത്തിയ ടൺ കണക്കിന് മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും സമിതി വിലയിരുത്തി. ഇവിടെ അടിയുന്ന മാലിന്യം ഉടൻ നീക്കം ചെയ്യാൻ നഗരസഭ മുൻകൈയെടുക്കുമെന്നും പൊഴിക്കരയിലേക്കുള്ള മൂടിപ്പോയ ഭാഗം പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. സംഘത്തിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ, സെക്രട്ടറി ദീപ, അലക്സാണ്ടർ, തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി, സുജിത്, അജിത്, അനിൽ എന്നിവരും ഉണ്ടായിരുന്നു. ഫോട്ടോ- കരമനയാറിലെ മാലിന്യം പരിശോധിക്കാനെത്തിയ സംഘം തിരുവല്ലം ഭാഗത്ത് ബോട്ടിൽ പരിശോധനക്കിറങ്ങിയപ്പോൾ IMG-20181217-WA0056.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.