വിദ്യാരംഭത്തിന് നാടൊരുങ്ങി

തിരുവനന്തപുരം: ക്ഷേത്രങ്ങളും സ്ഥാപനങ്ങളും മറ്റ് ആരാധനാലയങ്ങളും നവരാത്രി ആഘോഷങ്ങളുടെ നിറവിൽ. മഹാനവമി, വിജയദശമി ആഘോഷങ്ങൾ നാളേയും മറ്റന്നാളുമായി നടക്കാനിരിക്കേ എല്ലായിടങ്ങളും ഭക്തരുടെ തിരക്കിലാണ്. ക്ഷേത്രങ്ങളിലും വീടുകളിലും പൂജവെപ്പിനുള്ള ഒരുക്കങ്ങളും തകൃതി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പത്മനാഭപുരത്തുനിന്ന് തലസ്ഥാനത്തെത്തിയ സരസ്വതി ദേവിയേയും വെള്ളിമല കുമാരസ്വാമിയേയും മുന്നൂറ്റി നങ്കയേയും ദർശിക്കാൻ ഭക്തജനത്തിരക്കും വർധിച്ചു. കോട്ടയ്ക്കകം, പൂജപ്പുര എന്നിവിടങ്ങളിലെ പൂജ െവച്ചിട്ടുള്ള ഇടങ്ങളിൽ ഭക്തരുടെ വലിയതിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലുമാണ് പൂജക്കിരുത്തിയിട്ടുള്ളത്. കുതിരമാളികയിൽ നടത്തുന്ന നവരാത്രി സംഗീതോത്സവം ആസ്വദിക്കാനും പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ദർശിക്കാനും ആൾത്തിരക്കുണ്ടായിരുന്നു. പലയിടങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ പൂജവെപ്പ് ചടങ്ങുകൾ നടക്കും. ആറ്റുകാ‍ൽ ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വിദ്യാരംഭം നടത്തും. പ്രാർഥന മണ്ഡപത്തിൽ മേൽശാന്തിയും സഹമേൽശാന്തിമാരും കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും. പലയിടങ്ങളിലും വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാരംഭത്തിന് ഒരുങ്ങിയിട്ടുണ്ട്. അക്ഷരം, സംഗീതം, ചിത്രകല എന്നിവയിലുൾപ്പെടെ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.