തിരുവനന്തപുരം: നഗരത്തിൽ കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോഡിൽ കത്തിവലിച്ചെറിഞ്ഞശേഷം കാറും ഉപേക്ഷിച്ച കടന്ന നാലംഗസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കാറിെൻറ നമ്പറെടുത്ത് നടത്തിയ അന്വേഷണത്തിലാണ് റെൻറ് എ കാർ ബിസിനസ് നടത്തുന്ന വിഴിഞ്ഞം സ്വദേശിയിലേക്ക് പൊലീസ് എത്തിയത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളിൽ നിന്നാണ് കാറിൽ സഞ്ചരിച്ചവരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കാറിലുണ്ടായിരുന്നത് ഗുണ്ടകളല്ലെന്നും തെൻറ പരിചയത്തിലുള്ളവരാണെന്നുമാണ് ഇയാളുടെ മൊഴി. മദ്യപിച്ചതുകൊണ്ടാണ് പൊലീസിന് പിടികൊടുക്കാത്തതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ കാറിലുണ്ടായിരുന്ന ബാക്കി നാലുപേരെയും ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കും. ഇവർക്കെതിരെ അമിത വേഗതയിൽ വാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിനും ഗതാഗതനിയമലംഘനത്തിനും ആയുധം സൂക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഘം കാറിൽ നഗരത്തിലൂടെ ചീറിപാഞ്ഞു കാൽനടയാത്രക്കാരെ ഉൾപ്പെടെ വിറപ്പിച്ചത്. മ്യൂസിയം ഭാഗത്ത് നിന്നും ബേക്കറി ജംങ്ഷൻ വഴി സ്റ്റാച്യുവിലേക്ക് വരവേയാണ് സംഘത്തെ പൊലീസ് തടഞ്ഞത്. കാർ നിർത്താതെ അമിത വേഗതയിൽ പാഞ്ഞ സംഘം പ്രസ്ക്ലബിന് സമീപത്താണ് റോഡിലേക്ക് കത്തി വലിച്ചെറിഞ്ഞത്. തുടർന്ന് പാളയം സാഫല്യം കോംപ്ലക്സിന് സമീപം കാർ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.