മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്​

ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ചുതെങ്ങ് കെട്ടുപുര (കൊച്ചുപള്ളി) സ്വദേശി ലാലു-സിറില ദമ്പതികളുടെ ഉടമസ്ഥതയിലുള്ള 'ലിന്‍സി ബിബിന്‍' എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശികളായ സജി (28), സന്തോഷ് (27), സെബാസ്റ്റ്യന്‍ (30), ജെറാള്‍ഡ് (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരവെ മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിയപ്പോള്‍ ഉള്ളില്‍നിന്ന് ആദ്യം ഒരു തിര വന്ന് ബോട്ട് ചരിഞ്ഞു. അടുത്ത ശക്തമായ തിരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബോട്ട് പാറക്കെട്ടുകള്‍ക്കിടയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ ബോട്ടില്‍ കേടുപാടുകളും, ബോട്ടി​െൻറ രണ്ട് എൻജിനുകള്‍, നാലു വലകള്‍, മത്സ്യങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ കടലില്‍പ്പെട്ടു. നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടവും ഉണ്ടായതായി ബോട്ടുടമ പറയുന്നു. ബോട്ട് ഇടിച്ചപ്പോള്‍തന്നെ നാലു പേരും ബോട്ടില്‍നിന്ന് ചാടി. എന്നാല്‍, സജി ചാടിയത് പാറക്കെട്ടുകള്‍ക്കകത്താണ്. പാറക്കെട്ടുകള്‍ക്കിടയില്‍ വീണതിനാല്‍ സജിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പാറക്കെട്ടുകള്‍ക്കിടയില്‍ കിടന്ന സജിയെ വെളുപ്പിനാണ് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്താല്‍ സജിയുടെ ശരീരമാസകലം ചതവേല്‍ക്കുകയായിരുന്നു. പാറക്കെട്ടില്‍ ചാടിയ സന്തോഷി​െൻറ കാലിനു പൊട്ടലുണ്ട്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും കഠിനംകുളം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരോടൊപ്പം നേതൃത്വം നല്‍കി. മുതലപ്പൊഴിയില്‍ ഇതിനോടകം പൊലിഞ്ഞത് 25ലേറെ മത്സ്യത്തൊഴിലാളികളുടെ ജീവനാണ്. തുറമുഖ നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.