വിതുര: സ്വയം പഠനം എന്ന ആശയം അർഥപൂർണമാക്കാൻ സ്കൂൾ റേഡിയോ ആരംഭിച്ചിരിക്കുകയാണ് വിതുര സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ. മുൻപരിചയമോ പരിശീലനമോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ വിദ്യാർഥികൾ വാർത്തെടുത്ത സ്കൂൾ റേഡിയോയായ ഗ്രീൻ എഫ്.എം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ആറ് മാസത്തെ ട്രയൽ റണ്ണിനുശേഷമാണ് മികച്ച അവതാരകരായി മാറിയ പതിനഞ്ചംഗ വിദ്യാർഥിസംഘം സ്കൂളിലെ റേഡിയോ ക്ലബ് വിജയകരമാക്കി മാറ്റിയത്. രാവിടെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് സുഭാഷിതം, ഉച്ചക്ക് ലഭിക്കുന്ന ഇടവേളകളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, വിവിധ കലകളിൽ അഭിരുചിയുള്ള വിദ്യാർഥികളുടെ പ്രകടനങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരിക്കെതിരെ ബോധവത്കരണം, ട്രാഫിക് ബോധവത്കരണം തുടങ്ങി നിരവധി പരിപാടികളാണ് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. ജോക്കികൾക്ക് പരിപാടി അവതരിപ്പിക്കാനായി റേഡിയോ സ്റ്റേഷൻ, എല്ലാ ക്ലാസ് മുറികളിലും പരിപാടികൾ ശ്രവിക്കാനായി ഒാഡിയോ സിസ്റ്റം എന്നിവ പി.ടി.എയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് റേഡിയോ ജോക്കികൾ ആകാനുള്ള അവസരവും ഉണ്ട്. സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയും ജൂനിയർ റെഡ്ക്രോസ് അംഗങ്ങളും ചേർന്നാണ് റേഡിയോ ക്ലബിന് നേതൃത്വം നൽകുന്നത്. 2018 അധ്യയനവർഷത്തിൽ പരിശീലനം ആരംഭിച്ച ജൂനിയർ എസ്.പി.സി ബാച്ചിെൻറയും പുതിയതായി സജ്ജീകരിച്ച സ്മാർട്ട് റൂമുകളുടെയും ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. സ്കൂളിന് പുതിയതായി 40 സീറ്റുള്ള ബസും ആൺകുട്ടികൾക്കായി സ്മാർട്ട് എന്ന പേരിൽ പുതിയ ടോയ്ലെറ്റ് കോംപ്ലക്സും വി.കെ. മധു പ്രഖ്യാപിച്ചു. യോഗത്തിൽ വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഷാഹുൽ നാഥ് അലി ഖാൻ, പ്രിൻസിപ്പൽ ഡോ. എസ്. ഷീജ , പി.ടി.എ പ്രസിഡൻറ് കെ. ഭുവനേന്ദ്രൻ, എസ്.എം.സി ചെയർമാൻ വിനീഷ് കുമാർ, സീനിയർ അസിസ്റ്റൻറ് പ്രേംജിത്ത് പി.സി, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.