തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളുടെ പരമാവധി ജലനിരപ്പ് നിര്‍ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തണമെന്ന് അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെതുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എൻജിനീയര്‍, ജലസേചനം), ബിബിന്‍ ജോസഫ് (ചീഫ് എൻജിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണെന്നും സമിതി നിർദേശിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് കവിഞ്ഞൊഴുകിയ പെരിങ്ങൽകുത്ത് അണക്കെട്ടിനെ സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. മുല്ലപ്പെരിയാര്‍ ഒഴികെയുള്ള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും ബാരേജുകളുടെയും നിലവിലെ സ്പില്‍വേകള്‍ക്ക് ഇൗയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നു. ഡാമിെൻറ സുരക്ഷിതത്വം, ഭൂചലനഅവസ്ഥയില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഡാമുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക, ഡാമില്‍ അടിഞ്ഞുകൂടിയ ചളി നീക്കംചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്താനാവശ്യമായ നടപടി കൈക്കൊള്ളേണ്ടതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.