കിംവദന്തികള്‍ നിപയേക്കാള്‍ ഭീതിജനകമെന്ന് സെമിനാര്‍

കൊല്ലം: സത്യാവസ്ഥ മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും കിംവദന്തികള്‍ പരത്തുന്നത് 'നിപ' രോഗത്തേക്കാൾ ഭീതിജനകമാണെന്ന് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാര്‍. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ ബോധവത്കരണക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും ഒന്നിച്ചുപേറുകയാണ് കേരളം. കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളാണ് കേരളത്തില്‍ പടരുന്നത്. സാക്ഷരതയില്‍ മുന്നില്‍ നിൽക്കുന്ന മലയാളികള്‍ തന്നെയാണ് മദ്യപാനത്തിലും മുന്നില്‍ നില്‍ക്കുന്നത്. നിപയെ പ്രതിരോധിക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം വിശദീകരിച്ചു. പനി വന്നാല്‍ ആദ്യദിവസം തന്നെ ചികിത്സതേടുക, ഭക്ഷണശുചിത്വം പാലിക്കുക, വളര്‍ത്തുമൃഗങ്ങളോടുള്ള സമീപനത്തില്‍ സൂക്ഷ്മതപുലര്‍ത്തുക, കോഴിക്കോട്-മലപ്പുറം ജില്ലകളിലേക്ക് കഴിവതും യാത്ര ഒഴിവാക്കുക, രോഗിപരിചരണകാര്യത്തില്‍ ജാഗ്രതകാട്ടുക, പൊതുസ്ഥലങ്ങളില്‍ പോയിവരുമ്പോള്‍ ശരീരശുദ്ധി വരുത്തുക, അന്താരാഷ്ട്രയാത്രകളിൽ സൂക്ഷ്മത പുലർത്തുക, അനാവശ്യ ആശുപത്രിസന്ദര്‍ശനം ഒഴിവാക്കുക, സ്വയംചികിത്സ അവസാനിപ്പിക്കുക, കിംവദന്തി പരത്താതിരിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്നവരാണ് മലയാളികളെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിറ്റി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആർ.ബി. കൃഷ്ണ പറഞ്ഞു. കുറ്റപ്പെടുത്തലുകളും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമുള്ള സമയമല്ല, മറിച്ച് പ്രതിരോധനടപടികള്‍ ശക്തമാക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്ധ്യ, പ്രസ്ക്ലബ് സെക്രട്ടറി ജി. ബിജു, ട്രഷറര്‍ പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.