ഉമ്മമാരുടെ മനസ്സാണ് ഞാൻ കണ്ട സ്വർഗരാജ്യം -അലൻസിയർ ലേ ലോപ്പസ് .................................................. സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുകൾ ഉണ്ടായിരുന്നു. സെയ്ഫുദ്ദീൻ, കബീർ, ഷമീർ അങ്ങനെ നിരവധിപേർ. സ്കൂളുള്ളപ്പോൾ ഉച്ചക്ക് ഇവരോടൊപ്പമാണ് എെൻറ വയറും നിറയാറ്. പല പാത്രങ്ങളിൽനിന്ന് കൈയിട്ട് വാരി, ഒരുപിടി ചോറിനുവേണ്ടി കാണിക്കാറുള്ള മത്സരബുദ്ധി പഠിക്കുന്ന കാര്യത്തിൽ ഞങ്ങൾ കാട്ടാറില്ലായിരുന്നു. ഒരു മാസം ഇവർ എന്നോടൊപ്പം വന്ന് ആഹാരം കഴിക്കാറില്ല. പുലർച്ച എഴുന്നേറ്റ് ആഹാരം കഴിച്ചാൽ പിന്നെ ഉമിനീര് പോലും ഇറക്കില്ല. ആ സമയത്തൊക്കെ അവരെ ഞാൻ അത്ഭുതത്തോടെയാണ് നോക്കാറ്. സാധാരണ സ്കൂൾ വിട്ടാൽ കളിച്ചും ചിരിച്ചും മാവിൽ കെല്ലറിഞ്ഞും വീട്ടിലെത്താറുള്ള ഇവരിൽ പലരും നോമ്പുദിനങ്ങളാകുമ്പോൾ െബല്ലടിച്ചാൽ വീട്ടിലേക്ക് പറക്കും. ഭക്ഷണം ത്യജിക്കുക എന്നതിനപ്പുറം നോമ്പുകാലത്തിന് സാമൂഹിക പ്രസക്തിയും ദൈവിക സമർപ്പണവും ഉണ്ടെന്ന് മനസ്സിലാകുന്നത് കോളജ് പഠനകാലത്താണ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം ഒരുമാസം വ്രതം അനുഷ്ഠിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഷൂട്ടിങ് തിരക്ക് മൂലവും മറ്റും സാധിച്ചിട്ടില്ല. ത്യജിക്കാനുള്ള സന്നദ്ധത, ഇല്ലാത്തവനോടൊപ്പം ചേർന്നുനിൽക്കാനുള്ള മനസ്സ് അതൊക്കെയാണ് ഈ പുണ്യനാളുകളെ എനിക്ക് പ്രിയങ്കരമാക്കുന്നത്. കുട്ടിക്കാലത്ത് നോമ്പുകാലത്തെ വലിയ സന്തോഷങ്ങളിലൊന്ന് നോമ്പുതുറ സമയത്തും പെരുനാൾ ദിവസവും കൂട്ടുകാരുടെ വീട്ടിൽനിന്ന് ലഭിക്കുന്ന ഭക്ഷണമായിരുന്നു. ഇന്നും അതിൽ മാറ്റം വന്നിട്ടില്ല. നോമ്പുകാലത്ത് ബാങ്ക് വിളികേൾക്കുമ്പോൾ അയൽപക്കത്തെ കുട്ടികളെ വീട്ടിലേക്ക് വിളിക്കാനും അവർക്കായി അടുക്കള തുറന്നിടാനുമുള്ള ഉമ്മമാരുടെ മനസ്സ് ഉണ്ടല്ലോ, അതാണ് ഞാൻ കണ്ട ഏറ്റവും വലിയ സ്വർഗരാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.