ശാസ്താംകോട്ട: കുടിവെള്ള പൈപ്പിലൂടെ മലിനജലം എത്തിയതിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് പ്രവർത്തകർ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പുന്നക്കാട്, പാറെമുക്ക്, പുന്നമൂട് എന്നിവിടങ്ങളിലാണ് കുടിവെള്ള പൈപ്പുകളിലൂടെ മലിനജലം എത്തിയത്. ഉപരോധസമരത്തെ തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പ്രദേശവാസികളുമായി ടെലിഫോണിലൂടെ വിശദാംശങ്ങൾ ആരായുകയും അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ജലവിതരണ പൈപ്പിൽ ഉണ്ടായ തകരാർമൂലം മലിനജലം കലർന്നതാണ്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ ഉപരോധം ഉച്ചയോടെ അവസാനിപ്പിച്ചു. ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജീവ്, ജിജോ ജോസഫ്, സുഭാഷ് എസ് കല്ലട, സജിമോൻ ഇടവനശേരി, ഷിബുചിറക്കട, ഷെഫീക്ക് മൈനാഗപ്പള്ളി, അനീഷ് ചക്കുവള്ളി, അശ്വിനികുമാർ, നിസാം പാറെമുക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.