മാലിന്യ സംസ്​കരണം: എയ്​റോബിക്​ ബിന്നുമായി വീണ്ടും കോർപറേഷൻ

*പരാജയപ്പെട്ട പദ്ധതി വീണ്ടും കൊണ്ടുവരുന്നതിൽ അമർഷം ശക്തം *നേരത്തേ സ്ഥാപിച്ചവയിൽ 250ഒാളം ബിന്നുകൾ നാശാവസ്ഥയിൽ തിരുവനന്തപുരം: നഗരത്തിലെ മാലിന്യം നീക്കാൻ വീണ്ടും എയ്റോബിക് ബിന്നുകളുമായി കോർപറേഷൻ രംഗത്ത്. ഒരിക്കൽ നടപ്പാക്കി പരാജയപ്പെട്ടതായി ആക്ഷേപം ഉയർന്ന പദ്ധതി രണ്ടാമതും അവതരിപ്പിച്ച് മാലിന്യസംസ്കരണം വിജയിപ്പിക്കാനാകുമോയെന്ന പരീക്ഷണത്തിലാണ് കോർപറേഷൻ. ലക്ഷങ്ങൾ ഇതുവഴി പാഴായി എന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. കോർപറേഷൻ ആസ്ഥാനത്ത് ഉൾപ്പെടെ പുതിയ എയ്റോബിക് ബിന്നുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ച് തുടങ്ങി. നാല് ബിന്നുകൾ അടങ്ങിയ എയ്റോബിക് യൂനിറ്റാണ് ഇവിടെയുള്ളത്. നാല് ബിന്നുകളും യൂനിറ്റും പരിസരവും വേലികെട്ടി തിരിച്ചിട്ടുണ്ട്. ഇതിനടുത്തായി പൂന്തോട്ടവും വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്. പരിപാലനത്തിന് രണ്ട് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ എയർപോർട്ട് സുലൈമാൻ തെരുവിൽ മൂന്ന് യൂനിറ്റുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. എട്ടോളം ബിന്നുകൾ ഇവിടെയുണ്ടാകും. നേരത്തേ ബിൻ സ്ഥാപിക്കാൻ ശ്രമിച്ച സംഘർഷമുണ്ടായ പൂജപ്പുരയിലും ഇത് സ്ഥാപിക്കാൻ സമവായത്തിൽ എത്തിയിട്ടുണ്ട്. ഇവിടെ ജയിലിന് ഉള്ളിൽ ഒരു യൂനിറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ജയിലിന് മുന്നിലായി യൂനിറ്റ് നിർമാണം പുരോഗമിക്കുകയാണ്. ചാക്ക പാലത്തിന് താഴെ ഒരുയൂനിറ്റും മറ്റിടങ്ങളിലും എയ്റോബിക് ബിന്നുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുകയാണ്. മണക്കാട്, പാങ്ങോട്, വഞ്ചിയൂർ, പാൽകുളങ്ങര, തമ്പാനൂർ, കുന്നുകുഴി, കണ്ണമ്മൂല, പേട്ട, ശംഖുംമുഖം, കുടപ്പനക്കുന്ന് തുടങ്ങിയ 27 സ്ഥലങ്ങളിലാണ് പുതുതായി ബിന്നുകൾ വരുന്നത്. പുതുതായി എയ്റോബിക് ബിന്നുകൾ സ്ഥാപിക്കുന്ന ഇടങ്ങളിൽ മുഴുവൻ രാവിലെ എട്ട് മുതൽ രാത്രി ഒമ്പതുവരെ ജീവനക്കാരെ രണ്ട് ഷിഫ്റ്റിലായി നിയോഗിക്കാനും കോർപറേഷന് പദ്ധതിയുണ്ട്. അതേസമയം, നേരത്തേ സ്ഥാപിച്ച എയ്റോബിക് ബിന്നുകൾ മുഴുവൻ പ്രവർത്തനരഹിതമായതായും വീണ്ടും ഫണ്ട് ദുർവിനിയോഗം ചെയ്യുകയാണ് ഭരണപക്ഷമെന്നുമുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. നഗരത്തിൽ മുഴുവനായി 250 പരം എയ്റോബിക് ബിന്നുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഭൂരിപക്ഷവും നാശമായി കിടക്കുന്നുവെന്നാണ് പ്രധാന ആരോപണം. പ്രവർത്തനം ഉള്ളവയിൽ മാലിന്യം സ്വീകരിക്കുന്നതിനും മറ്റും ജീവനക്കാരെ കാണാനില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തെ മുഴുവൻ ദുർഗന്ധമാക്കാൻ മാത്രമേ എയ്റോബിക് ബിന്നുകൾ സഹായിച്ചിട്ടുള്ളൂവെന്ന ആക്ഷേപവും ശക്തമാണ്. കരമന പാലത്തിനു സമീപത്തെ എയ്റോബിക് ബിന്നുകൾ നാലും ചവർ നിറഞ്ഞു കിടക്കുകയാണ്. മലിനജലം റോഡിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കുന്നതിന് വെള്ളമില്ല. പെരുച്ചാഴി ശല്യവും രൂക്ഷം. ചാലയിലും സ്ഥിതി സമാനമാണ്. 30 ബിന്നുകൾ ഉള്ള ഇവിടെ ദുർഗന്ധം രൂക്ഷമാണ്. ഷെഡിന് സമീപം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടപ്പുണ്ട്. പാളയം മാർക്കറ്റിലെ 33 ബിന്നുകൾക്ക് സമീപവും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും എയ്റോബിക് ബിന്നുകളുമായി കോർപറേഷൻ മുന്നോട്ടുപോകുന്നത്. എലി കടിച്ചും മറ്റും നശിച്ച ബിന്നുകൾക്ക് പകരം പുതിയ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കുന്നുവെന്നാണ് കോർപറേഷൻ അവകാശപ്പെടുന്നത്. എന്നാൽ, ഇവ എത്രത്തോളം പ്രായോഗികമാകുമെന്നത് ഇപ്പോഴും സംശയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.