മിസൈലുകളിലും റോക്കറ്റുകളിലും പുതിയ രൂപകൽപനകൾ ഉണ്ടാകണം ^എ.എസ്. കിരൺകുമാർ.

മിസൈലുകളിലും റോക്കറ്റുകളിലും പുതിയ രൂപകൽപനകൾ ഉണ്ടാകണം -എ.എസ്. കിരൺകുമാർ. തിരുവനന്തപുരം: വ്യോമയാനരംഗത്ത് രാജ്യം ഏറെ മുന്നിലാണെങ്കിലും മിസൈലുകളിലും റോക്കറ്റുകളിലും പുതിയതരം രൂപകൽപനകൾ ഉണ്ടാകാത്തത് രാജ്യത്തെ പുറകോട്ടടിക്കുന്നുവെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺകുമാർ. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 'എയ്റോസ്പേസ് സാങ്കേതികവിദ്യയിലെ നൂതനപ്രവണതകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിനൊപ്പം ബഹിരാകാശവാഹനങ്ങളുടെ രൂപകൽപനയിലും മാറ്റം വരണം. ഇത് ഐ.എസ്.ആർ.ഒ മാത്രം വിചാരിച്ചാൽ കഴിയില്ല. സാങ്കേതികവിദ്യകളും അറിവും സാധാരണക്കാരിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വളരണം. എങ്കിൽ മാത്രമേ പുതിയ ആശയങ്ങളും കണ്ടെത്തലുകളും ഉണ്ടാകൂ. പ്രതിരോധരംഗം ശക്തിയാർജിക്കുന്ന ഘട്ടത്തിൽ മിസൈലുകളുടെ രൂപകൽപനയുടെ കാര്യത്തിൽ രാജ്യം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച നിതി അയോഗ് അംഗവും എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻറുമായ വി.കെ. സരസ്വത് പറഞ്ഞു. ഏത് രൂപകൽപന ലഭിച്ചാലും അതേരീതിയിൽ മിസൈലുകളെ തീർക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. നിലവിൽ വർഷങ്ങളായി പിന്തുടരുന്ന മോഡലുകളാണ് നമുക്കുള്ളത്. ഇതിൽ മാറ്റം വരണം. രാജ്യത്തിന് സ്വന്തമായൊരു രൂപകൽപന കണ്ടെത്താൻ ശാസ്ത്രസമൂഹം ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് പോയാലേ രാജ്യത്തിന് ബഹിരാകാശ സാങ്കേതികരംഗത്ത് ഏറെ മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. കെ. ശിവൻ പറഞ്ഞു. പരീക്ഷണങ്ങളിലൂടെ മാത്രമേ മുന്നേറാൻ സാധിക്കൂ. ഇപ്പോഴുള്ള സൗകര്യങ്ങളിൽ തൃപ്തിപ്പെടുന്നവരാണ് പഴയ തലമുറ. എന്നാൽ, പുതിയ തലമുറ നിലവിലെ സൗകര്യങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവളത്ത് ഹോട്ടൽ സമുദ്രയിൽ നടന്ന ചടങ്ങിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ലളിത് ഗുപ്ത, എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവന്തപുരം ചെയർമാൻ എസ്. പാണ്ഡ്യൻ, സെക്രട്ടറി എ.പി. ബീന എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സെഷനുകളിലായി പ്രമുഖർ ക്ലാസ് എടുത്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.