പാലക്കാട്: തലപ്പത്ത് നാഥനില്ലാതാവുകയും സർക്കാർ മൗനത്തിലാവുകയും ചെയ്തതോടെ മലബാർ സിമൻറ്സുമായി ബന്ധപ്പെട്ട വിജിലൻസിെൻറ കേസുകൾ ഫലത്തിൽ മരവിച്ചു. നിശ്ചിത കാലയളവിൽ നിർബന്ധമായും ചേരേണ്ട വിജിലൻസ് അവലോകന യോഗങ്ങൾപോലും നിലച്ചതുവഴി ഹൈകോടതി ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്തതടക്കം സിമൻറ്സിലെ ആറ് കേസുകൾ കടലാസിലൊതുങ്ങി. അന്വേഷണം പൂർത്തിയായ ഇവയുടെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകിയിട്ടില്ല. ഒരു സി.പി.എം എം.എൽ.എ ഈ കേസുകളിലൊന്നിൽ പ്രതിപട്ടികയിലുണ്ട്. അനുമതി ലഭിക്കാത്തതുമൂലം കുറ്റപത്രം അനിശ്ചിതത്വത്തിലായതിന് പുറമെ കോടതിയിലെത്തിയ മറ്റ് ആറ് കേസുകളുടെ വിചാരണെയയും ബാധിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 1,99,84,200 രൂപയുടെ മൂല്യം കണക്കാക്കി തുടങ്ങിയ സ്വത്ത് കണ്ടുകെട്ടൽ നടപടിക്ക് വിധേയനായ വ്യവസായി വി.എം. രാധാകൃഷ്ണൻ പ്രതിപട്ടികയിലുള്ള നാല് കേസുകളും വിചാരണ ഇഴഞ്ഞ് നീങ്ങുന്നവയിൽ പെടും. എൻഫോഴ്സ്മെൻറ് കണ്ടുകെട്ടൽ നടപടി തുടങ്ങിയത് രണ്ട് കോടിയോളം രൂപയുടെ സ്വത്താണെങ്കിലും ഇതിെൻറ വിപണിമൂല്യം 50 കോടിയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. കേസുകളുടെ വിചാരണ മന്ദീഭവിച്ചതോടെ കണ്ടുകെട്ടൽ നടപടി തരണം ചെയ്യാനുള്ള പ്രതിഭാഗത്തിെൻറ നീക്കത്തിന് കരുത്താവുമെന്നും പറയപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരം നൽകിയ ഹരജിയെതുടർന്നുണ്ടായ ഹൈകോടതി ഉത്തരവ് പ്രകാരം പാലക്കാട് വിജിലൻസ് പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളാണ് കുറ്റപത്രം സമർപ്പിക്കാതെ അനിശ്ചിതത്വത്തിലായത്. 24 മണിക്കൂറിനകം കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ജഡ്ജി കെമാൽ പാഷയുടെ ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 2016ൽ എടുത്ത കേസുകളുടെ കൂട്ടത്തിലാണ് ഈ അഞ്ചെണ്ണം. ഫ്ലൈ ആഷ് കരാറിലെ ബാങ്ക് ഗ്യാരൻറി പിൻവലിക്കൽ, ഡീലർമാർക്ക് അനധികൃത കമീഷൻ നൽകൽ തുടങ്ങിയവയിലെ അഴിമതിയാണ് ഈ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കണ്ടെത്തിയത്. മലബാർ സിമൻറ്സ് മുൻ മാനേജിങ് ഡയറക്ടർമാരായ കെ. പത്മകുമാർ, എം. സുന്ദരമൂർത്തി തുടങ്ങിയവർ ഈ കേസുകളിൽ പ്രതികളാണ്. പത്മകുമാർ മൂന്ന് കേസുകളിലാണ് പ്രതിപട്ടികയിൽ. ബാങ്ക് ഗ്യാരൻറിയുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണനും പ്രതിയാണ്. ഇതിനുപുറമെ മലബാർ സിമൻറ്സിലെ മലിനീകരണ നിയന്ത്രണ സംവിധാനത്തിനായുള്ള റിവേഴ്സ് എയർബാഗ് ഹൗസ് പദ്ധതിയിൽ 14.73 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് മുൻ യു.ഡി.എഫ് സർക്കാറിെൻറ ഭരണകാലത്ത് 7/2015 നമ്പറായി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ സി.പി.എം എം.എൽ.എയായ പി. ഉണ്ണി, മുൻ വ്യവസായ വകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണൻ എന്നിവരടക്കമുള്ളവർ പ്രതിപട്ടികയിലുള്ളത്. ആകെ പത്ത് പ്രതികളുള്ള ഈ കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണനും മകൻ നിഥിൻ രാധാകൃഷ്ണനും പ്രതിപട്ടികയിലുണ്ട്. അന്വേഷണം പൂർത്തിയായ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇപ്പോഴത്തെ സർക്കാർ ഒന്നര വർഷമായിട്ടും അനുമതി നൽകിയിട്ടില്ല. സർക്കാറിേൻറത് തണുപ്പൻ സമീപനമായതോടെ തുടർ നടപടികളിൽനിന്ന് വിജിലൻസും പിൻവാങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.