ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ: മടവൂർ എൻ.എസ്.എസ് അവാർഡ് ഏറ്റുവാങ്ങി

ചിത്രവിവരണം: ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എക്കുള്ള അവാർഡും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒന്നാമത്തെ പി.ടി.എക്കുള്ള അവാർഡും വി.എസ്. ശിവകുമാർ എം.എൽ.എയിൽനിന്ന് മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് വി. പ്രസന്നൻ ഏറ്റുവാങ്ങുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഹെഡ്മിസ്ട്രസ് വസന്തകുമാരി എന്നിവർ സമീപം കിളിമാനൂർ: ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എക്കുള്ള അവാർഡിന് മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. തിരുവനന്തപുരം മണക്കാട് ടി.ടി.ഐയിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എയിൽനിന്ന് പി.ടി.എ പ്രസിഡൻറ് വി. പ്രസന്നൻ, ഹെഡ്മിസ്ട്രസ് വസന്തകുമാരി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ല വിദ്യാഭ്യാസ ഡയക്ടർ രമണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡും മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ നേടിയിരുന്നു. അക്കാദമിക് മേഖലയിലും നോൺ അക്കാദമിക് മേഖലയിലും പി.ടി.എ നടത്തിയ വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. മികവാർന്ന പഠന പ്രവർത്തനങ്ങൾ, സാന്ത്വന സഹായങ്ങൾ, ജൈവ പച്ചക്കറി തോട്ടം, മികവാർന്ന ക്ലബ് പ്രവർത്തനങ്ങൾ, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് യൂനിറ്റുകളുടെ മികച്ച പ്രവർത്തനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിവിധ ബോധവത്കരണ പരിപാടികൾ, കൗൺസലിങ് ക്ലാസുകൾ എന്നിവയിലെ ഇടപെടലുകളാണ് അവാർഡ് ലഭിക്കാൻ കാരണമായത്. സമ്പൂർണ ക്ലാസ്റൂം വൈദ്യുതീകരണവും ഗാർഡൻ നിർമാണവും സ്കൂൾ ബ്യൂട്ടിഫിക്കേഷനും പി.ടി.എയുടെ നേതൃത്വത്തിൽ നടത്തിയതും അവാർഡിന് പരിഗണിക്കപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തമായ പ്രവർത്തന മികവിൽ സ്കൂൾ മാതൃകയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.