* കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷൻ കൗൺസിൽ പാറശ്ശാല: നിർമൽ കൃഷ്ണ ഫിനാസ് തട്ടിപ്പ് നടത്തിയവർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ദേശീയപാത ഉപരോധിച്ചു. രാവിലെ പത്തോടെ പ്രകടനമായി എത്തിയ നിക്ഷേപകർ പാറശ്ശാല പോസ്റ്റ് ഒാഫിസ് ജങ്ഷനിലെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഉപരോധം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, ബി.ജെ.പി ദേശീയ നിർവാഹക സമതി അംഗം കരമന ജയൻ, നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. രണ്ട് മണിക്കൂറോളം നീണ്ട ഉപരോധം ഉച്ചക്ക് 12ന് അവസാനിപ്പിച്ചു. നേരത്തേ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ പാറശ്ശാല--വെള്ളറട റോഡും ഉപരോധിച്ചിരുന്നു. 2000 ത്തോളം നിക്ഷേപകർ റോഡ് ഉപരോധത്തിൽ പങ്കെടുത്തു. 2000 കോടി രൂപയിലധികമാണ് നിർമൽ കൃഷ്ണ ഫിനാൻസ് ഉടമ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തത്. അന്വേഷണത്തിെൻറ ഭാഗമായി ക്രൈംബ്രാഞ്ച് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. 3500ൽ അധികം പേർ ഡിവൈ.എസ്.പിക്ക് മെഴി നൽകുകയും ഇവരുടെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.