കേശവപുരം സി.എച്ച്.സി: ഇനിമുതൽ രാത്രി എട്ടുവരെ ഡോക്ടർ ഹാജരുണ്ടാകും

കിളിമാനൂർ: കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ഇനി മുതൽ ഉച്ചതിരിഞ്ഞും ധൈര്യമായി എത്തിക്കോളൂ, ഡോക്ടർ ഉണ്ടാകും; രാത്രി എട്ടുവരെ. ഇത് പുതിയ വാഗ്ദാനമല്ല, പഴയ പ്രഖ്യാപനത്തി​െൻറ സാക്ഷാത്കാരമാണ്. തിങ്കളാഴ്ച മുതൽ ഉച്ചക്ക് രണ്ടുമുതൽ എട്ടുവരെയുള്ള രണ്ടാം ഷിഫ്റ്റിന് ഡോക്ടർ എത്തി. നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഡിപ്പാർട്ട്മ​െൻറിൽനിന്നാണ് ജനറൽ മെഡിസിനിൽ ഒരു ഡോക്ടർ എത്തിയത്. ഇതോടെ ഉച്ചക്കുശേഷം ആശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന സ്ഥിരമായ പരാതിക്കും പരിഭവത്തിനും പരിഹാരമാകും. പി.എച്ച്.സി മുതലുള്ള സർക്കാർ ആശുപത്രികൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുമെന്നും മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നൂറിൽപരം രോഗികളെ കിടത്തി ചികിത്സിക്കാൻ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കേശവപുരം സി.എച്ച്.സിയിലാകട്ടെ നിലവിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ അഞ്ചുമണിക്കൂർ മാത്രമാണ് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നത്. ഇതുസംബന്ധിച്ച് 'മാധ്യമം' നിരന്തരം വാർത്ത നൽകിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് 'മന്ത്രിയുടെ പ്രഖ്യാപനമൊന്നും നമുക്ക് ബാധകമല്ല' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. നിലവിൽ ജനറൽ മെഡിസിനിൽ മെഡിക്കൽ ഓഫിസർ ഇൻചാർജ് അടക്കം അഞ്ചുപേരാണുള്ളത്. നേരത്തേ മെഡിക്കൽ ഓഫിസറായിരുന്ന പ്രീതാസോമൻ സ്ഥലംമാറിപ്പോയ ഒഴിവും ഒരു ഡോക്ടർ പ്രസവാവധിക്ക് പോയ ഒഴിവും നിലവിലുണ്ട്. കേശവപുരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുമെന്ന് 2012-ൽ യു.ഡി.എഫ് സർക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയാക്കണമെങ്കിൽ സ്പെഷലിസ്റ്റ് കാഡർ പദവി ലഭിക്കണം. ഇതി​െൻറ ആദ്യപടി ഓരോ വിഭാഗങ്ങളിലും സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്നതാണ്. കേശവപുരത്ത് നിലവിലുള്ള അഞ്ചുപേരിൽ നാലുപേരും ഇ.എൻ.ടി, സ്കിൻ, ഡയബറ്റോളജി, െഡൻറൽ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റുകളാണെങ്കിലും ഇവരെ ഈ നിലയിലല്ല നിയമിച്ചിരിക്കുന്നതത്രെ. നേരത്തേ ഉണ്ടായിരുന്ന മെഡിക്കൽ ഓഫിസർ സിവിൽ സർജൻ ആയിരുന്നു. ഗൈനക്കോളജി അടക്കം പത്തോളം സ്പെഷലിസ്റ്റ് ഡോക്ടർമാർ പ്രവർത്തിച്ചിരുന്നു. അന്നത്തെ ലേബർ റൂമും പ്രസവവാർഡുമൊക്കെ പഴമയെ ഓർമിക്കാനെന്നോണം ഇവിടെ അവശേഷിക്കുന്നു. നിലവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​െൻറ പണി പൂർത്തിയാക്കി, ഡോക്ടർമാരെ സ്പെഷലിസ്റ്റ് പദവിയിലേക്ക് ഉയർത്തി, അനുബന്ധ സ്റ്റാഫ് പാറ്റേൺ കൂടി സജ്ജമാക്കിയാൽ കേശവപുരം സി.എച്ച്.സിക്ക് നഷ്ടമായ പഴയപ്രതാപം വീണ്ടെടുക്കാം. ഇതിന് മുൻകൈയെടുക്കേണ്ടത് ബ്ലോക് പഞ്ചായത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.