* ഓടനാവട്ടം വില്ലേജ് ഓഫിസിൽ നാട്ടുകാർ വിവരം നൽകിയിട്ടും നടപടിയെടുത്തില്ല വെളിയം: ഓടനാവട്ടം വാപ്പാലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ചെന്നാപ്പാറയിൽ രാത്രിയും പകലും മണ്ണെടുപ്പ് നടന്നിട്ടും റവന്യൂ പൊലീസ് അധികൃതർ മൗനം പാലിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി. കെ.ഐ.പി കനാൽ ഭാഗം കൈയേറിയാണ് മണ്ണെടുപ്പ് നടക്കുന്നത്. എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണെടുത്ത് ടിപ്പറുകളിൽ കയറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഓണത്തിന് മുമ്പ് മണ്ണെടുപ്പ് വ്യാപകമായെന്ന് വാർത്ത വന്നതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികാരികൾക്ക് പണം നൽകി വീണ്ടും അനധികൃത ഖനനം ആരംഭിച്ചിരിക്കുകയാണ്. മണ്ണെടുപ്പിന് പുറമെ അനധികൃതകല്ല് വെട്ടും നടക്കുന്നുണ്ട്. കെ.ഐ.പി ഭൂമിയിലെ മണ്ണെടുപ്പ് കനാൽ തകരാനും കാരണമായിട്ടുണ്ട്. കനാൽ വഴി ജലം ഒഴുക്കുമ്പോൾ വിടവുകളിലൂടെ ജലം സമീപ വീടുകളിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. ഓടനാവട്ടം വില്ലേജ് ഓഫിസിൽ നാട്ടുകാർ വിവരം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഓടനാവട്ടം റെഡിവളവ്, വെളിയം കോളനി എന്നീ പ്രദേശങ്ങളിലും മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. മണ്ണെടുപ്പിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികളും മാഫിയകളുടെ കൂടെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓയൂർ--കൊട്ടാരക്കര റോഡിെൻറ ഇരുഭാഗത്തും അനധികൃത മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഇത്തരം മണ്ണ് മാഫിയകളെ പിടികൂടുന്നതിനായി കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.