ജീവനക്കാരില്ല, വികസനങ്ങൾ പാതിവഴിയിൽ: വേണം നീണ്ടകര താലൂക്ക്​ ആശുപത്രിക്കും ചികിത്സ

ചവറ: ചികിത്സ തേടിയെത്തുന്നവരെ നോക്കാൻ ആളില്ല. കൊട്ടിഗ്ഘോഷിച്ച് നടത്തിയ വികസനങ്ങൾ പൂർത്തിയാകാത്ത നിലയിലാണ്. സ്ട്രെച്ചറുകളും ഉപകരണങ്ങളും തുരുമ്പെടുത്തു. രോഗികളെക്കാൾ ചികിത്സ ആവശ്യമായ അവസ്ഥയിലാണ് നീണ്ടകര താലൂക്ക് ആശുപത്രി. മതിയായ ജിവനക്കാരില്ലാത്തത് കാരണം ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ മണിക്കൂറുകളോളം വലയുന്നു. നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. ഐ.പി ബ്ലോക്ക്, ഡയാലിസിസ് യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോഴെങ്കിലും മുഖച്ഛായ മാറുമെന്ന് ജനം പ്രതീക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇന്നും പഴയപടി തന്നെയാണ്. 1.98 കോടി ചെലവഴിച്ച് നിർമിച്ച ഐ.പി ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം നടത്തി മാസങ്ങളായിട്ടും കിടത്തിച്ചികിത്സ തുടങ്ങിയില്ല. 56 കിടക്കകളുള്ള കെട്ടിടംപണി പൂർത്തിയായിട്ട് വർഷം ഒന്ന് പിന്നിട്ടു. മന്ത്രിയുടെ സമയത്തിനായി ഉദ്ഘാടനം മാറ്റിെവച്ച കെട്ടിടം ഒടുവിൽ മന്ത്രിയുടെ സമയം നോക്കി ആഗസ്റ്റ് 29നാണ് ഉദ്ഘാടനം നടത്തിയത്. എന്നാൽ, മാസം രണ്ടാകാറായിട്ടും കെട്ടിടം ഇന്നും തുറന്നിട്ടില്ല. ഇതുകാരണം നിലവിലെ ഐ.പി ബ്ലോക്കിൽനിന്ന് തിരിയാനുള്ള ഇടമില്ല. ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റിയുടെ 50 ശതമാനം ഫണ്ട് മാത്രമേ ചെലവഴിക്കാൻ കഴിയൂ എന്നതിനാലും ഡയാലിസിസ് യൂനിറ്റ് കൂടി സജ്ജമായത് കാരണം ചെലവ് അധികരിച്ചതുമാണ് പ്രവർത്തനം വൈകിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഏറ്റവുമധികം പേരെത്തുന്ന കാഷ്വൽറ്റിയിലാകട്ടെ അത്യാസന്ന നിലയിലോ പരിക്കുപറ്റിയോ എത്തുന്നവരെ കുത്തിവെപ്പിന് പോലും ഡോക്ടർ എത്തണം. ആറ് നഴ്സിങ് അസിസ്റ്റൻറുമാരുള്ള ആശുപത്രിയിൽ നിലവിൽ ഒരാളുടെ സേവനം മാത്രമാണ് കിട്ടുന്നത്. ഇത് മൂലം രോഗികൾ മണിക്കൂറുകളോളമാണ് മതിയായ ചികിത്സ കിട്ടാൻ കാത്തിരിക്കേണ്ടിവരുന്നത്. ഇത് പലപ്പോഴും രോഗികളും ജീവനക്കാരും തമ്മിലുള്ള വഴക്കിനും കാരണമാകുന്നു. കരുനാഗപ്പള്ളിക്കും കൊല്ലത്തിനുമിടയിൽ ദേശീയപാതക്കരികിൽ എല്ലാ സൗകര്യത്തിനും പശ്ചാത്തലമുള്ള ആശുപത്രിയാണിത്. എന്നാൽ, റോഡപകടങ്ങളിേലാ അല്ലാതെയോ പരിക്കുപറ്റി എത്തുന്നവർക്ക് പ്രഥമ ശുശ്രൂഷക്കുപോലുമുള്ള സാഹചര്യമില്ല. ചവറ ബ്ലോക്ക് പഞ്ചായത്തി​െൻറ അധികാരപരിധിയിലുള്ള ആശുപത്രിയെ സി.എച്ച്.സി നിലവാരത്തിലെങ്കിലും മാറ്റണമെന്നാണ് രോഗികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.