കലക്ടറേറ്റിൽ പൊട്ടിത്തെറിച്ച ബാറ്ററികള്‍ക്ക് പകരം പുതിയത് സ്ഥാപിച്ചു

പേരൂര്‍ക്കട: കലക്ടറേറ്റിലെ പവര്‍ റൂമില്‍ പൊട്ടിത്തെറിച്ച ബാറ്ററികള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ യു.പി.എസ് റൂമില്‍ പൊട്ടിത്തെറിച്ച ബാറ്ററികള്‍ മാറ്റി പുതിയവ സ്ഥാപിച്ചതോടെ കമ്പ്യൂട്ടര്‍ ശൃംഖലയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. വൈദ്യുതി വിതരണ ശൃംഖലയില്‍ തകരാര്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ ഉള്‍പ്പെടെ കലക്ടറേറ്റിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനായി രണ്ടു യു.പി.എസ് സംവിധാനവുമായി ബന്ധപ്പെട്ട് 60 ബാറ്ററികളാണ് പവര്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ പത്തരയോടെ ഈ ബാറ്ററികളില്‍ അഞ്ചെണ്ണമാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി സ്ഥിരീകരിച്ചത്. കലക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളില്‍ സ്ഥാപിച്ച കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഹര്‍ത്താല്‍ ദിനമായിട്ടും തിങ്കളാഴ്ച സമയബന്ധിതമായി കേടായ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കുകയായിരുന്നു. കലക്ടറേറ്റില്‍ സ്ഥാപിച്ച മുഴുവന്‍ കമ്പ്യൂട്ടറുകളിലേക്കും വൈദ്യുതി വിതരണം നടത്തുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനം പ്രവര്‍ത്തിച്ചിരുന്ന മുറിയിലാണ് ഞായറാഴ്ച പൊട്ടിത്തെറി ഉണ്ടായത്. കലക്ടറേറ്റിലെ മൂന്നാംനിലയില്‍ കണ്‍ട്രോള്‍ റൂമിന് സമീപമാണ് യു.പി.എസുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കാൻ 60 ബാറ്ററികള്‍ സ്ഥാപിച്ചിരുന്നത്. യു.പി.എസുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചതായി ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.