ഒന്നിൽനിന്ന് ഏഴിലേക്ക്; തലസ്ഥാനത്ത് തിളങ്ങി യു.ഡി.എഫ്​​

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ എൽ.ഡി.എഫിന്‍റെ ആധിപത്യം തകർത്ത്, ഒരു സീറ്റിൽനിന്ന് ഏഴിലേക്ക് എണ്ണം ഉയർത്തിയതിന്‍റെ ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പുകൾ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എം. വിൻസെന്‍റ് സുരക്ഷിതമാക്കിയ കോവളം ഒഴികെ മറ്റെല്ലാം അന്ന് ചുവപ്പണിഞ്ഞു. ഇതില്‍ ആറ് മണ്ഡലങ്ങൾകൂടിയാണ് യു.ഡി.എഫ് ഇക്കുറി പിടിച്ചെടുത്തത്. അതിൽ വാമനപുരവും ചിറയിൻകീഴും അപ്രതീക്ഷിത അട്ടിമറികളാണ്. ജില്ലയിൽ എല്‍.ഡി.എഫിനെ ഞെട്ടിച്ച പരാജയങ്ങളും ഇവയാണ്. ചിറയിന്‍കീഴും തിരുവനന്തപുരവും ഒഴികെ നാല് മണ്ഡലങ്ങളിൽ സി.പി.എം സിറ്റിങ് എം.എല്‍.എമാരെയാണ് യു.ഡി.എഫ് അട്ടിമറിച്ചത്. എൽ.ഡി.എഫിന്‍റെ പല കുത്തക സീറ്റുകളും പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. കോവളം നിലനിര്‍ത്തിയ യു.ഡി.എഫ് ഇടതുമുന്നണിയില്‍നിന്ന് നെയ്യാറ്റിന്‍കര, കാട്ടാക്കട, വാമനപുരം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, ചിറയിന്‍കീഴ് മണ്ഡലങ്ങള്‍ പിടിച്ചെടുത്തു. പാറശാല, അരുവിക്കര, വര്‍ക്കല, നെടുമങ്ങാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ മാത്രമാണ് ഇടതുമുന്നണിക്കൊപ്പം നിന്നത്.

അതേസമയം, വോട്ടെണ്ണത്തിൽ കൂടുതൽ നേട്ടം എൽ.ഡി.എഫിനാണ്. യു.ഡി.എഫിനെക്കാൾ 15,011 വോട്ട് എൽ.ഡി.എഫിന് അധികം ലഭിച്ചു. കാരണം യു.ഡി.എഫ് തോറ്റ മണ്ഡലങ്ങളായ നേമം, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്താണ്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയിച്ചത് എൻ.ഡി.എയും. ആറ്റിങ്ങലിൽ വിജയിച്ചത് എൽ.ഡി.എഫ് ആണെങ്കിലും രണ്ടാം സ്ഥാനത്ത് എൻ.ഡി.എ ആണ്. യു.ഡി.എഫ് വിജയിച്ച രണ്ടിടത്ത് കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചതും വോട്ടണ്ണത്തിൽ കുറവിന് കാരണമായി. ചിറയിൻകീഴിൽ രമ്യ ഹരിദാസിനാണ് ജില്ലയിൽ യു.ഡി.എഫിന് ലഭിച്ച കുറവ് ഭൂരിപക്ഷം. നെയ്യാറ്റിൻകരയിൽ വിജയിച്ച യു.ഡി.എഫിന്‍റെ എൻ. ശക്തന് ലഭിച്ചത് 6966 വോട്ടിന്‍റെ ഭൂരിപക്ഷമാണ്. അതും വോട്ടെണ്ണത്തിൽ കുറവ് വരുത്തി. കാട്ടാക്കടയിൽ എം.ആർ. ബൈജുവിനും വട്ടിയൂർകാവിൽ കെ. മുരളീധരനും കുറഞ്ഞ ഭൂരിപക്ഷമാണുള്ളത്.

കെ. മുരളീധരന്‍ രാജിവെച്ച് പോയപ്പോള്‍ കൈവിട്ട വട്ടിയൂര്‍ക്കാവ് രണ്ട് തെരഞ്ഞെടുപ്പിന് ശേഷം വി.കെ. പ്രശാന്തിനെ തന്നെ പരാജയപ്പെടുത്തിയാണ് തിരിച്ചുപിടിച്ചത്. കാട്ടാക്കടയിൽ എന്‍. ശക്തനില്‍നിന്ന് 2016ല്‍ ഐ.ബി. സതീഷ് പിടിച്ചെടുത്ത മണ്ഡലം സതീഷിനെ വീഴ്ത്തി എം.ആര്‍. ബൈജു തിരിച്ചെടുത്തു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ പള്ളിച്ചല്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡ് -1242 വോട്ട്. കാട്ടാക്കട, വിളപ്പില്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് നേടി അധിപത്യം ഉറപ്പിക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ചെങ്കല്‍, കുളത്തൂര്‍, കാരോട്, തിരുപുറം പഞ്ചായത്തുകളാണ് യു.ഡി.എഫിലെ എന്‍. ശക്തന് ലീഡ് നല്‍കിയത്. മൂന്നാം മത്സരത്തിനിറങ്ങിയ കെ. ആന്‍സലന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറിയിലും അതിയന്നൂരും മാത്രാണ് ലീഡ് ലഭിച്ചത്. തിരുവനന്തപുരം സെൻട്രലും എൽ.ഡി.എഫിൽനിന്ന് സി.പി. ജോൺ പിടിച്ചെടുത്തു. സി.പി.എമ്മിന്‍റെ ചുവപ്പുകോട്ടയായ വാമനപുരത്ത് ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് ഡി.കെ. മുരളി മത്സരരംഗത്തിറങ്ങിയത്. യു.ഡി.എഫിന്‍റെ യുവനേതൃത്വം സുധീർഷാ പാലോട് 12,185 വോട്ടുകൾക്കാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. നാലര പതിറ്റാണ്ട് ഇടതിനൊപ്പം നിന്ന വാമനപുരം മുമ്പ് യു.ഡി.എഫ് തംരഗത്തിലൊന്നും എല്‍.ഡി.എഫിനെ കൈവിട്ടിട്ടില്ല. മണ്ഡലം രൂപവത്കരിച്ച ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ എല്‍.ഡി.എഫും യു.ഡി.എഫും മാറി വന്നെങ്കിലും 1967നുശേഷം ഇടതിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പം പോയതാണ് എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയായത്. തദ്ദേശത്തില്‍പോലും ഒപ്പംനിന്ന നെല്ലനാട്, ആനാട്, പനവൂര്‍, നന്ദിയോട്, പഞ്ചായത്തുകളും എല്‍.ഡി.എഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച പുല്ലമ്പാറ, വാമനപുരം പഞ്ചായത്തുകളിലും ഡി.കെ. മുരളിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു ചിറയിന്‍കീഴ്. അവിടെയാണ് രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയത്.

Tags:    
News Summary - From one to seven; UDF shines in the capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.