ആറ്റിങ്ങല്‍: ദേശീയപാതയിലെ കുഴികള്‍, ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. ദേശീയപാതയില്‍ ആറ്റിങ്ങല്‍, മാമം, കോരാണി ഭാഗങ്ങളിലായി നിരവധി സ്ഥലങ്ങളില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഘട്ടംഘട്ടമായി ടാറിങ് തകരുന്നിടം കുഴികളായി മാറും. മാമം പാലത്തിന് സമീപം, കോരാണി, പതിനെട്ടാംമൈല്‍, പാലമൂട് എന്നിവിടങ്ങളില്‍ ആഴത്തിലുള്ള കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. റോഡിെൻറ ഇതരഭാഗങ്ങള്‍ സുഗമമായി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗത്തില്‍ കടന്നുവരും. അപ്രതീക്ഷിതമായി കാണുന്ന കുഴികള്‍ക്ക് മുന്നില്‍ പെട്ടന്ന് ബ്രേക്ക് ചവുട്ടുകയോ കുഴിയില്‍ പെടാതിരിക്കാന്‍ വെട്ടിത്തിരിക്കുകയോ ചെയ്യുന്നതോടെ വാഹനം അപകടത്തില്‍പ്പെടും. ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം അറിയാതെ വന്നിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ മറിയുന്നതും പതിവാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴ ടാറിങ് തകര്‍ച്ചയുടെ വേഗം വർധിപ്പിച്ചിട്ടുണ്ട്. ടാറിങ് തകര്‍ന്നുതുടങ്ങിയപ്പോള്‍ മുതല്‍ പ്രദേശവാസികളും തദ്ദേശസ്ഥാപന ജനപ്രതിനിധികളും മരാമത്ത് വകുപ്പിനെയും ദേശീയപാത അതോറിറ്റിയെയും വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടികളുണ്ടാകുന്നില്ല. ടാറിങ് തകര്‍ന്ന ഭാഗങ്ങളില്‍ മെറ്റല്‍ ഇളകിക്കിടക്കുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ മെറ്റലില്‍ കയറി തെന്നുന്നതാണ് കാരണം. വലിയ വാഹനങ്ങളുടെ ടയര്‍ കയറുമ്പോള്‍ മെറ്റല്‍ തെറിക്കുന്നത് കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്. ഇതര വാഹനങ്ങളുടെ ഗ്ലാസ് ചില്ലുകള്‍ തകരുകയും ചെയ്യുന്നു. പതിനെട്ടാംമൈല്‍ ജങ്ഷന് സമീപം വെള്ളിയാഴ്ച ഇത്തരത്തില്‍ കാറിെൻറ ഗ്ലാസ് ചില്ല് മെറ്റല്‍ പതിച്ച് തകര്‍ന്നിരുന്നു. മറ്റൊരു വാഹനം കടന്നുപോയപ്പോള്‍ ഇളകിക്കിടന്ന മെറ്റല്‍ തെറിച്ചുവന്ന് കാറിെൻറ ഗ്ലാസില്‍ വീഴുകയായിരുന്നു. വരും ദിവസങ്ങളില്‍ ഗവ. കരാറുകാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്തെ കുഴിനികത്തല്‍ അനന്തമായി നീളാന്‍ സാധ്യതയുണ്ട്. ആഴത്തില്‍ കുഴിയുള്ള സ്ഥലങ്ങളില്‍ അപകട സൂചന ബോര്‍ഡെങ്കിലും അടിയന്തരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഫോട്ടോ- ദേശീയപാതയില്‍ ടാറിങ് തകര്‍ന്ന് രൂപപ്പെട്ട കുഴികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.