പരിമിതികളെ സാധ്യതകളാക്കി ഡോക്ടറേറ്റ്; ജയകുമാറിനിത് ഇരട്ടിമധുരം

*മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് വലതുകാൽ ഇടുപ്പെല്ലിന് താഴെ ചലനശേഷി നഷ്ടപ്പെട്ട ജയകുമാർ ഉന്നതബിരുദങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയായിരുന്നു ബാലരാമപുരം: വൈകല്യത്തെ അതിജീവിച്ച കോളജ് അധ്യാപകന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്. കാഞ്ഞിരംകുളം സർക്കാർ കോളജിലെ അസി. പ്രഫസർ നെയ്യാറ്റിൻകര ഊരൂട്ടുകാല ഗോകുലത്തിൽ ആർ. ജയകുമാറാണ് പരിമിതികളെ സാധ്യതകളാക്കിമാറ്റി ഉന്നതബിരുദം നേടിയത്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് വലതുകാൽ ഇടുപ്പെല്ലിന് താഴെമുതൽ ചലനശേഷി നഷ്ടപ്പെട്ടപ്പോൾ അന്യം നിന്നുപോകുമെന്ന് കരുതിയ അക്ഷരങ്ങൾക്ക് ചിറകുമുളപ്പിച്ച് ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഇപ്പോൾ ഗവേഷണബിരുദം സ്വന്തമാക്കിയത്. സർവശിക്ഷ അഭിയാൻ ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ നടപ്പിലാക്കുന്ന സങ്കലിത വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ മികവ് എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പഠനത്തി​െൻറ ഭാഗമായി ചലനശേഷി നഷ്ടപ്പെട്ട കാലുമായി കാസർകോട്, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഭിന്നശേഷിയുള്ള കുട്ടികൾ, മാതാപിതാക്കൾ, റിസോഴ്സ് അധ്യാപകർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഊരുട്ടുകാല എം.ടി.എച്ച്.എസിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയകുമാർ ധനുെവച്ചപുരം കോളജിൽനിന്നാണ് ഗണിതത്തിൽ ബിരുദം നേടിയത്. തുടർന്ന് നെയ്യാറ്റിൻകര ഗവ. ടി.ടി.ഐയിൽനിന്ന് ടി.ടി.സി പാസായി. 1994ൽ വൈകല്യം പരിഗണിച്ച് ജില്ല കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം നെയ്യാർഡാം ഹൈസ്കൂളിൽ പ്രൈമറി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 97ൽ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപക പരിശീലകനായി ബാലരാമപുരം ബി.ആർ.സിയിൽ നിയമിക്കപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി സംയോജിത വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിയന്നൂർ ബ്ലോക്കിലെ ഏരിയ കോഓഡിനേറ്ററായി. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി സ്കൂളിൽ തിരിച്ചെത്തിയ ഈ അധ്യാപകൻ വെറുതെയിരുന്നില്ല. വിദൂരവിദ്യാഭ്യാസത്തിലൂടെ മലയാളഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവ. ട്രെയിനിങ് കോളജിൽനിന്ന് ബി.എഡും എം.എഡും നേടിയശേഷം എജുക്കേഷനിലും മലയാളഭാഷയിലും നെറ്റ് പരീക്ഷ വിജയിച്ചു. ബി.ആർ.സിയിൽ താൻ പ്രവർത്തിച്ച മേഖലയിലെ നേർക്കാഴ്ചകളായ വൈകല്യം ബാധിച്ച കുട്ടികളുടെ ദൈന്യതയും രക്ഷിതാക്കളുടെ നിസ്സഹായതയുമാണ് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ തനിക്ക് പ്രേരണയായതെന്ന് ജയകുമാർ പറഞ്ഞു. വിവിധ ജില്ലകളിലെ പഠനത്തിന് കൂട്ടായി സഹപാഠിയും അധ്യാപകനുമായ എ.എസ്. മൻസൂറും ഒപ്പം കൂടി. ഇതിനിടെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ അധ്യാപനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടി. സർക്കാർ കോളജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.എയുടെ ജില്ല കമ്മിറ്റിയംഗമാണ് പ്രഫ. ആർ. ജയകുമാർ. നിംസ് ആശുപത്രി ജീവനക്കാരി ശോഭകുമാരിയാണ് ഭാര്യ. ബി.എസ്സി വിദ്യാർഥിനി ഗോപിക മകളും പ്ലസ് വൺ വിദ്യാർഥി ഗോകുൽ മകനുമാണ്. ചിത്രവിവരണം ഭിന്നശേഷിക്കാരിയായ ലിബിഷ എന്ന വിദ്യാർഥിനിക്ക് ആർ. ജയകുമാർ കൗൺസലിങ് നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.