വേ​ന​ലി​നെ വെ​ല്ലു​വി​ളി​ച്ച്​ ഡോ​ക്​​ട​റു​ടെ ക​ര​നെ​ല്‍കൃ​ഷി

ആറ്റിങ്ങല്‍: കടുത്തവേനലിലും മികവാര്‍ന്ന വിളവുമായി ഡോക്ടറുടെ കരനെല്‍കൃഷി. തൈക്കാട് ഗവ. ആശുപത്രിയില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച ഡോ. ബാബുവാണ് അവനവഞ്ചേരിയില്‍ കരനെല്‍കൃഷിയിലൂടെ മികവാര്‍ന്ന വിളവ് നെടിയിരിക്കുന്നത്. അവനവഞ്ചേരിയില്‍ ആശുപത്രി നടത്തുന്ന ഇദ്ദേഹം ഏറെ തിരക്കുകള്‍ക്കിടയിലാണ് കൃഷിക്കായി സമയം കണ്ടെത്തിയതും മാതൃകയാകുന്നതും. വീട്ടുവളപ്പില്‍ എല്ലാവിധ പച്ചക്കറികളും ജൈവരീതിയില്‍ കൃഷിചെയ്ത് വിജയിച്ച അദ്ദേഹവും കുടുംബവും പരീക്ഷണമെന്ന നിലയിലാണ് ജൈവ കരനെല്‍കൃഷി നടത്തിയത്. ആശുപത്രിക്ക് പുറകിലെ പുരയിടത്തില്‍ നിശ്ചിത സ്ഥലം പാകപ്പെടുത്തിയാണ് കരനെല്‍ കൃഷിയിറക്കിയത്. മഴലഭിച്ചില്ലെങ്കിലും പുരയിടത്തില്‍ നിർമിച്ച കിണറിൽനിന്ന് ജലസേചനം നടത്തിയായിരുന്നു കൃഷി. ആറ്റിങ്ങല്‍ കൃഷി ഓഫിസര്‍ പുരുഷോത്തമെൻറ നിർദേശങ്ങള്‍ പാലിച്ചാണ് കൃഷിയിറക്കിയതെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കൃഷിനശിക്കുമെന്നാണ് കൃഷി വകുപ്പുപോലും കരുതിയിരുന്നത്. എന്നാല്‍, കൊടുംവരള്‍ച്ചയിലും കരനെല്‍കൃഷി വിജയകരമായി ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. ബാബു. എല്ലാ പിന്തുണയുമായി ഭാര്യ ഡോ. വത്സലയും ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നതാണ് നേട്ടത്തിന് കാരണം. ഉമ എന്ന ഇനത്തില്‍പെട്ട നെല്‍വിത്താണ് കൃഷിയിറക്കിയത്. ഇതിെൻറ കൊയ്ത്തുത്സവമാക്കി മാറ്റുകയായിരുന്നു ആശുപത്രി ജീവനക്കാരും കൃഷിവകുപ്പും. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് നെല്‍കതിർ കൊയ്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ കോമളം, താഹിര്‍, മുന്‍ ചെയര്‍മാന്‍ അഡ്വ. എസ്. കുമാരി, മുന്‍ കൗണ്‍സിലര്‍ ജി. ബാബു, എം. മുരളി, ദേവരാജന്‍, കൃഷി ഓഫിസര്‍ എസ്. പുരുഷോത്തമന്‍, കൃഷി ഓഫിസിലെ ഉദ്യോഗസ്ഥരായ എസ്. രേഖ, മിന്നി, ലിജ തുടങ്ങി നിരവധിപേര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.