തിരുവനന്തപുരം: പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വരുന്നതുവരെ തലസ്ഥാനനഗരിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഇടക്കാല ഉത്തരവ് തയാറായി. സ്പെൻസർ ജങ്ഷൻ, പി.എം.ജി, എൽ.എം.എസ്, വെള്ളയമ്പലം, കവടിയാർ എന്നിവിടങ്ങളിൽ റോഡിെൻറ ഇരുവശത്തും 50 മീറ്റർ വരെ ഭൂമി പൈതൃകഇടനാഴിയായി വിഭാവനം ചെയ്താണ് കോർപറേഷൻ ഇടക്കാല വികസന ഉത്തരവ് തയാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച കൂടിയ കൗൺസിൽ യോഗം ഇതിന് അംഗീകാരം നൽകി. വഞ്ചിയൂർ വില്ലേജിൽ ഉൾപ്പെടുന്ന ഫോർട്ട് വാർഡും പരിസരങ്ങളും പേട്ട, മുട്ടത്തറ വില്ലേജിലെ ഏതാനും ഭാഗങ്ങളും പേരൂർക്കട വില്ലേജിലെ കവടിയാർ കൊട്ടാരവളപ്പും പൈതൃക മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പുതിയ വികസനപ്രവർത്തനങ്ങൾ, പുനർവികസനം, കൂട്ടിച്ചേർക്കൽ, പരിവർത്തനം, അറ്റകുറ്റപ്പണി, നവീകരണം, ശിൽപങ്ങൾ പുനഃസ്ഥാപിക്കൽ, പൊളിച്ചുനീക്കൽ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ രൂപവത്കരിക്കുന്ന കലാ^പൈതൃക കമീഷെൻറ രേഖാമൂലമുള്ള ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ നിർമാണ പ്രവർത്തനങ്ങളോ മറ്റോ നടത്താൻ പാടുള്ളൂ. ഒമ്പത് മീറ്ററിൽ കൂടുതൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. പാർപ്പിട ഉപയോഗമേഖല, ഹരിതമേഖല, പൈതൃകമേഖല എന്നിങ്ങനെ നഗരത്തെ തിരിച്ചാണ് പ്രവൃത്തികൾ നടപ്പാക്കുക. മാസ്റ്റർപ്ലാൻ നിലവിൽവരുന്നതിന് മുമ്പ് നിയമപരമായി നിർമിച്ച കെട്ടിടങ്ങൾ നിലവിലെ ഉപയോഗ രീതിയിൽ തുടരാൻ അനുവദിക്കും. നിയമാനുസൃതം മാത്രമേ നെൽവയലുകളിലും തണ്ണീർത്തടങ്ങളിലും നിർമാണ പ്രവർത്തനങ്ങളോ ഭൂവികസനപരിപാടികളോ നടത്താൻ അനുവദിക്കൂ. അംഗീകാരം ലഭിച്ച മാസ്റ്റർ പ്ലാൻ ഇല്ലാത്തതിനാൽ കെട്ടിടനിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെ തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.