തിരുവനന്തപുരം: സ്ത്രീസുരക്ഷ പദ്ധതിയും പിങ്ക് പൊലീസും നിഷ്ക്രിയമായതോടെ ജില്ലയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ശനിയാഴ്ച ജില്ലയുടെ പലഭാഗങ്ങളിലായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പത്തോളം കേസുകളാണ് ഉണ്ടായിട്ടുള്ളത്. രണ്ട് സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. ഒമ്പതാം ക്ളാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുകുട്ടികളുടെ പിതാവിനെയും കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിന് കുപ്രസിദ്ധ ഗുണ്ടയെയുമാണ് ശനിയാഴ്ച പൊലീസ് പിടികൂടിയത്. ശനിയാഴ്ചത്തേത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും കാര്യത്തില്‍ തലസ്ഥാനം ‘പുരോഗതി’ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2015ല്‍ തിരുവനന്തപുരം നഗരത്തില്‍ 15,594 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2016 ഡിസംബര്‍വരെ അത് 17,868 എണ്ണമായി വര്‍ധിച്ചു. പെരുമ്പാവൂരില്‍ ജിഷക്കും കൊച്ചിയില്‍ നടിക്കുംനേരെ നടന്നിട്ടുള്ള അക്രമങ്ങളേക്കാള്‍ ഭയാനകമാണ് ജില്ലയിലെ പൊലീസുകാര്‍ക്ക് മുന്നില്‍ എത്താറുള്ള പല കേസുകളും. എന്നാല്‍, അപമാനഭയത്താല്‍ പല രക്ഷിതാക്കളും കേസ് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ‘മാധ്യമ‘ത്തോട് പറഞ്ഞു. ചുരുക്കംചില പെണ്‍കുട്ടികള്‍ മാത്രമാണ് അവ രക്ഷിതാക്കളോടും പൊലീസിനോടും പറയാന്‍ ധൈര്യംകാണിക്കുക. 2011ലെ സെന്‍സസ് പ്രകാരം 33,07,284 പേരാണ് തലസ്ഥാനത്തുള്ളത്. ഇതില്‍ 17,19,749 പേരും സ്ത്രീകളാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട കേരള പൊലീസിന്‍െറ ജില്ലയിലെ ആകെ അംഗസംഖ്യ 5,500ല്‍ താഴെ മാത്രമാണ്. അതില്‍ വനിത പൊലീസുകാരുടെ എണ്ണം 400ല്‍ താഴെമാത്രം. കഴിഞ്ഞവര്‍ഷം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബലാത്സംഗക്കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 66 മാനഭംഗക്കേസുകളാണ് ഇവിടെ ഉണ്ടായത്. 2010ന് ശേഷം ആദ്യമായാണ് മാനഭംഗക്കേസുകളുടെ എണ്ണം 60 കടക്കുന്നത്. 2010ല്‍ 27 മാനഭംഗ കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കാണുമ്പോഴാണ് സ്ത്രീകളെ ‘ബഹുമാനി’ക്കുന്ന കാര്യത്തില്‍ നാട് എത്ര മുന്നോട്ടുപോയിരിക്കുന്നെന്ന് മനസ്സിലാക്കാന്‍. പീഡനക്കേസിലും വര്‍ധനയുണ്ട്. 250 കേസുകളാണ് കഴിഞ്ഞവര്‍ഷം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ജില്ലയില്‍ 379 ഭര്‍തൃപീഡന കേസുകളുണ്ടായി. 2015ല്‍ ഇത് 350 കേസുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.