നിഷോണ്‍ സേവിയറിന് ഇത് പിറന്നാള്‍ മധുരം

തിരുവനന്തപുരം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍െറ തലവര തിരുത്താന്‍ തലസ്ഥാനത്തുനിന്ന് ഒരാള്‍ കൂടി. പള്ളിത്തുറ തുമ്പ ഷോണ്‍ വില്ലയില്‍ നിഷോണ്‍ സേവിയറാണ് കോച്ച് വി.പി. ഷാജിയുടെ 20 അംഗ പട്ടികയില്‍ കയറിപ്പറ്റിയ പുതിയ താരം. നേരത്തേ, പൊഴിയൂര്‍ സ്വദേശികളായ എസ്. മെല്‍ബിന്‍, എസ്. ലിജോ, എസ്. സീസന്‍, വെട്ടുകാട് സ്വദേശി ജോബി ജെസ്റ്റിന്‍, എസ്.ബി.ടി താരം ജിജോ ജോസഫ്, ഏജീസ് താരം ജിബ്സണ്‍ ജസ്റ്റിന്‍ എന്നിവര്‍ പ്രാഥമികറൗണ്ടില്‍ കേരളത്തിനുവേണ്ടി കളിച്ചിരുന്നു. ഇവര്‍ക്കൊപ്പം നിഷോണ്‍കൂടി ചേരുന്നതോടെ തലസ്ഥാനത്തുനിന്ന് സന്തോഷ്ട്രോഫിയുടെ ഫൈനല്‍ റൗണ്ടിലേക്ക് പന്തുതട്ടുന്നവരുടെ എണ്ണം ഏഴാകും. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിലെ ബി.എ ഇക്കണോമിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ നിഷോണ്‍ കെ.എസ്.ഇ.ബിയുടെ പ്രതിരോധനിരയിലെ മിന്നുംതാരമാണ്. കരാര്‍ അടിസ്ഥാനത്തിലാണ് നിഷോണ്‍ കെ.എസ്.ഇ.ബിക്ക് വേണ്ടി കളിക്കുന്നത്. പ്രതിരോധനിരയിലെ കരുത്താണ് ഈ ഇരുപതുകാരനെ കോച്ച് വി.പി. ഷാജിയുടെ കണ്ണിലേക്ക് എത്തിക്കുന്നത്. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി കഴിഞ്ഞമാസം തിരുവനന്തപുരത്ത് സന്തോഷ്ട്രോഫി ടീമും കെ.എസ്.ഇ.ബിയുമായി പരിശീലനമത്സരം കളിച്ചിരുന്നു. അന്ന് ക്യാപ്റ്റന്‍ ഉസ്മാന്‍ അടങ്ങുന്ന ആക്രമണനിരയെ വരുതിയിലാക്കിയത് നിഷോണായിരുന്നു. കെ.എസ്.ഇ.ബിയുടെ വലക്കുമുന്നില്‍ നിഷോണ്‍ കോട്ടകെട്ടിയതോടെ സന്തോഷ്ട്രോഫി ടീമിന് പരാജയം രുചിക്കേണ്ടിവന്നു. എസ്.ബി.ടിയുടെ മുന്‍നിര അടങ്ങിയ സന്തോഷ്ട്രോഫി ടീമിനേറ്റ ഈ പരാജയമാണ് നിഷോണിന് വഴിത്തിരിവായത്. മത്സരശേഷം കോച്ച് വി.പി. ഷാജി നിഷോണിനോട് ചോദിച്ചത് ഒറ്റക്കാര്യം മാത്രം; ‘ഗോവയിലേക്ക് പോരുന്നോ?’ അണ്ടര്‍ 19 സംസ്ഥാന യൂത്ത് ഫുട്ബാളില്‍ തിരുവനന്തപുരത്തിന് വേണ്ടി കളിച്ച് പരിചയമുള്ള നിഷോണിനെ സംബന്ധിച്ച് ഇതൊരു ലോട്ടറിയാണെന്ന് പിതാവ് സേവിയര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാഴാഴ്ച നിഷോണിന്‍െറ ഇരുപതാം പിറന്നാളാണ്. അതുകൊണ്ടുതന്നെ ഈ അവസരം പിറന്നാള്‍ സമ്മാനമായി കാണുകയാണ് ഈ കായികകുടുംബം. ദേശീയതലത്തില്‍ സ്പ്രിന്‍റില്‍ സ്വര്‍ണമെഡല്‍ നേടിയ സുശീലയാണ്മാതാവ്. പ്ളസ് ടു വിദ്യാര്‍ഥിയായ ജിഷോണ്‍ സഹോദരനാണ്. എസ്.ബി.ടി കോട്ടയം അസി.ബാങ്ക് മാനേജറും പിതാവിന്‍െറ സഹോദരനുമായ യൂജിന്‍ ഫെര്‍ണാണ്ടസാണ് നിഷോണിന്‍െറ ആദ്യപരിശീലകന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.