കിളിമാനൂർ: ജനവാസ കേന്ദ്രങ്ങളിലും സർക്കാർ ഭൂമിയിലും മാഞ്ചിയം, അക്കേഷ്യ പോലുള്ള മരങ്ങൾ നടില്ലെന്ന വനം മന്ത്രിയുടെ ഉറപ്പിന് പുല്ലുവില. പാങ്ങോട് പഞ്ചായത്തിലെ മൈലമൂട് ചെമ്പൻകോട് പ്രദേശത്ത് വനം വകുപ്പിെൻറ ഭൂമിയിൽ അക്കേഷ്യ നടാനുള്ള അധികൃതരുടെ ശ്രമം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള വാഗ്വാദം മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നട്ട തൈകളും പ്ലാേൻറഷനിൽ ഇറക്കി വെച്ചിരുന്നവയും പ്രതിഷേധക്കാർ നശിപ്പിച്ചു. പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ കേന്ദ്രീകരിച്ച് അക്കേഷ്യ പ്ലാേൻറഷൻ റീപ്ലാൻറ് ചെയ്യാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ, നൂറുകണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ് താമസിക്കുകയും സർക്കാർ സ്കൂൾ അടക്കമുള്ളവ പ്രവർത്തിക്കുകയും ചെയ്യുന്ന മേഖലയിൽ തൈ നടാനുള്ള ശ്രമം നാട്ടുകാരിൽ ചിലർ തടഞ്ഞിരുന്നു. ജലക്ഷാമം രൂക്ഷമായതോടെ നടത്തിയ പഠനത്തിൽ ഇത്തരം പ്ലാേൻറഷനുകളാണ് കാരണമെന്ന് കണ്ടെത്തിയതോടെ ജനരോഷം ശക്തമായി. ഇതിെൻറ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടി ‘മാധ്യമ’മാണ് വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പ്ലാേൻറഷനെതിരെ പ്രമേയം പാസാക്കി. ഇതിനിടെയാണ് പഞ്ചായത്തിലെ മറ്റൊരു പ്രദേശത്ത് പ്ലാേൻറഷൻ നടപ്പാക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചത്. ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ രാത്രിയിലാണ് ചെമ്പൻകോട്ട് പ്രദേശത്ത് അക്കേഷ്യ തൈകൾ ഇറക്കിയത്. വെള്ളിയാഴ്ച രാവിലെ മുതൽ തൈകൾ നട്ടുതുടങ്ങി. നാട്ടുകാർ എതിർത്തെങ്കിലും ഫലമുണ്ടായില്ല. പരിസ്ഥിതി ദിനത്തിൽ സ്കൂൾ അധികൃതർ നൽകിയ വൃക്ഷത്തൈകൾ കുട്ടികൾ നട്ടപ്പോൾ വനം വകുപ്പിെൻറ ഭൂമി കൈയേറിയതായി ആരോപിച്ച് വനം വകുപ്പ് അധികൃതർ കുട്ടികളെയും ഇവരുടെ രക്ഷാകർത്താക്കളെയും ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ശനിയാഴ്ച രാവിലെയും വൃക്ഷത്തൈകൾ നടാനുള്ള ശ്രമം സ്ഥലം എം.എൽ.എ ഇടപെട്ടിട്ടും അധികൃതർ ഉപേക്ഷിച്ചില്ലത്രേ. ഇതോടെ കൂടുതൽ ഡിവൈ.എഫ്.ഐ പ്രവർത്തകരെത്തി നട്ട തൈകൾ നശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.