തിരുവനന്തപുരം: തീരപ്രദേശമായ വലിയതുറ, ബീമാപള്ളി, ശംഖുംമുഖം, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന നഗരകവാടമായ വള്ളക്കടവ് പാലം പുനർനിർമിക്കാനുള്ള അടങ്കൽ തുക അടിയന്തരമായി കണ്ടെത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാലം നിർമിക്കുന്നതിനുള്ള സ്കെച്ച്, എസ്റ്റിമേറ്റ്, സ്ഥലം ഏറ്റെടുക്കൽ നടപടികൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിെൻറ ബലക്ഷയത്തെപറ്റി മനസ്സിലാക്കാൻ പാലം അപകടാവസ്ഥയിലാണെന്ന ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭാരമേറിയ വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുന്നത് നിയമപരമായ മാർഗത്തിലൂടെ തടയണമെന്നും കമീഷൻ ഉത്തരവിട്ടു. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച വള്ളക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. പാലം അപകടത്തിലാണെന്ന് ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. എന്നിട്ടും പുതിയ പാലം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചില്ല. അപകടത്തിലായ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചുമില്ല. ഇതിനെതുടർന്നാണ് വള്ളക്കടവ് പാലം സംരക്ഷണസമിതി ജനറൽ കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ രാഗം റഹീം മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയത്. കമീഷൻ പൊതുമരാമത്ത് വകുപ്പിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിച്ചു. അപകടം സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യം പരാതിക്കാരൻ നിഷേധിച്ചു. വള്ളക്കടവ് പാലം അപകടാവസ്ഥയിലാണെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. ദിവസേന 40ഒാളം സ്കൂൾ ബസുകൾ കടന്നുപോകുന്ന പാലമാണിത്. ചെറിയ വാഹനങ്ങൾ കടന്നുപോയാലും പാലം കുലുങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.