തിരുവനന്തപുരം: ഒരു കൂടിയാലോചനയുമില്ലാതെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ എന്ന പേരിൽ കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. കേന്ദ്രസർക്കാർ കന്നുകാലി കശാപ്പ് നിരോധിച്ചതിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനം നിയമം ഇല്ലാത്ത കേരളത്തിൽ ഈ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ല. സാമ്പത്തികവും സാമൂഹികവുമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചിന്തിക്കാതെയാണ് ഇത്തരമൊരു ഉത്തരവ് കേന്ദ്രസർക്കാർ ഇറക്കിയത്. ആർ.എസ്.എസ് അജണ്ടയാണ് ഇതിനുപിന്നിൽ. മോദി വർഗീയതയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ സുബോധത്തിലുള്ള ജനതയെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കാനാണ് കേരള സർക്കാറിെൻറ ശ്രമമെന്നും ഹസൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടിമാരായ തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്ര പ്രസാദ്, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, ആർ. വത്സലൻ, വക്താവ് പന്തളം സുധാകരൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.