തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആധുനിക ചരിത്രമ്യൂസിയം തുറന്നു. സഭയുടെ ചരിത്രം അവതരിപ്പിക്കുന്നതാണ് പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ പണിപൂർത്തിയായ മ്യൂസിയമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. മലങ്കരസഭയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സന്യാസസമൂഹത്തിെൻറ സ്ഥാപകനുമായ ആർച്ച് ബിഷപ് മാർ ഇവാനിയോസ്, ആർച്ച് ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ്, മേജർ ആർച്ച് ബിഷപ് സിറിൽ ബസേലിയോസ് എന്നിവരുടെ ജീവിതരേഖകൂടിയാണ് മ്യൂസിയം. മലങ്കര പുനരൈക്യ രേഖകൾ, റോമിൽനിന്ന് ലഭിച്ച കൽപനകൾ, ആർച്ച് ബിഷപ് മാർ ഇവാനിയോസ് രചിച്ച കൈയെഴുത്ത് പ്രതികൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, അംശവടി, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസും സിറിൽ ബസേലിയോസ് കാതോലിക്കബാവയും ഉപയോഗിച്ചിട്ടുള്ള അംശവടി, മോതിരം, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, മാർപാപ്പമാരുമായി നടത്തിയിട്ടുള്ള കത്തുകൾ, റോമിൽനിന്ന് ലഭിച്ചിട്ടുള്ള നിയമന ഉത്തരവുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ വികാരി ജനറൽമാരായ മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. ജോൺ കൊച്ചുതുണ്ടിൽ, ഗീവർഗീസ് മണ്ണിക്കരോട്ട് കോർ എപ്പിസ്കോപ്പ, ഡോ. ഗീവർഗീസ് കുറ്റിയിൽ, ഡോ. കുര്യാക്കോസ് തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, മദർ ജെൽസ് ഡി.എം തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം രൂപകൽപന ചെയ്ത രാജു ചെമ്മണ്ണിലിനെ ചടങ്ങിൽ ആദരിച്ചു. സിസ്റ്റർ ലൂർദ് മേരിയാണ് ചരിത്രരേഖകൾ ശേഖരിച്ചൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.