ഈ സ്നേഹപ്പൊതികൾ വിശപ്പകറ്റി തുടങ്ങിയിട്ട്​ 200 ദിവസം

ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ വിതരണം ചെയ്തത് 10 ലക്ഷം പൊതികൾ തിരുവനന്തപുരം: സ്നേഹം പൊതിഞ്ഞ ഇൗ പൊതിച്ചോറുകൾ ആശുപത്രി വരാന്തയിലെ നിസ്സഹായരുടെ വിശപ്പകറ്റാൻ തുടങ്ങിയിട്ട് 200 ദിവസം. ഹോട്ടലുകളിൽ ഒാർഡർ നൽകി യാന്ത്രികമായി വിതരണത്തിനെത്തിക്കുന്ന ചോറുപൊതികളില്ലിത്. ആശുപത്രിയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്കെന്ന പോലെ ഒാരോ വീട്ടിലും വെച്ചുകെട്ടുന്ന ഇലച്ചോറുകളുടെ സംതൃപ്തിയും സമൃദ്ധിയുമാണ് ഇൗ പൊതികളിലോരോന്നിലും. ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽകോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്നതിനുള്ള സംരംഭം 'മിഴിനിറയുന്നോരുടെ വയറെരിയാതിരിക്കാൻ- ഹൃദയപൂർവം' ശ്രേദ്ധയമാകുന്നതും സമാഹരണത്തിലെ പ്രത്യേകത കൊണ്ടാണ്. ഓരോ മേഖല കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഒാരോ ദിവസത്തെയും ഭക്ഷണ വിതരണം. നേരത്തേ തന്നെ പ്രവർത്തകർ മേഖലയിലെ ഒാേരാ വീടും കയറിയിറങ്ങും. ആർ.സി.സിയിലെയും എസ്.എ.ടിയിലെയുമടക്കം രോഗികൾക്കാണെന്ന് പ്രത്യേകം പറയും. ചോറിന് രാഷ്ട്രീയമില്ല. ഏത് വീട്ടിൽ നിന്നായാലും ഒരു പൊതി. വിഭവങ്ങൾ ഇന്നത് വേണമെന്നൊന്നും നിബന്ധനയില്ല. പക്ഷേ ഒറ്റ കാര്യം, പ്ലാസ്റ്റിക്കിൽ പൊതിയരുതെന്ന് മാത്രം. ഗ്രാമപ്രേദശങ്ങളിലെയും നഗരത്തിലെയും അമ്മമാർ സ്വന്തം മക്കൾക്കെന്നപോലെ മനസ്സറിഞ്ഞ് ചോറുകെട്ടി. അഞ്ചും പത്തും പൊതികൾ നൽകുന്നവരുണ്ട്. അതേ സമയം വയറ് മുറുക്കികെട്ടി ഒരു വിഹിതം പകുത്ത് നൽകുന്നവരുമുണ്ട്. പൊതികൾ ശേഖരിക്കാൻ പ്രവർത്തകർ രാവിലെ 10 മണിയോടെ വാഹനവുമായെത്തും. ഒരു വില്ലേജ് കമ്മിറ്റി ഇത്തരത്തിൽ ഒരു ദിവസം അയ്യായിരംപേർക്കുള്ള ഭക്ഷണമാണ് ശേഖരിച്ച് വിതരണം ചെയ്യുന്നത്. ഈ സ്നേഹപ്പൊതികൾക്കായി പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവരുടെ നീണ്ടനിര മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ പതിവ് കാഴ്ചയാണിപ്പോൾ. ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതിയിൽ ഇതിനകം 10 ലക്ഷം പൊതികളാണ് വിതരണം ചെയ്തത്. ചോറുപൊതികൾ വാങ്ങി നിറ കണ്ണുകളോടെ പോകുന്നവർ നിരവധിയാണെന്ന് സംഘാടകർ പറയുന്നു. പദ്ധതിയുടെ 200-ാം ദിവസത്തെ വിതരണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണം വാങ്ങാൻ കാത്തുനിന്നവരുടെ അടുത്തെത്തി അദ്ദേഹം പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം അന്വേഷിച്ചു. നേമം മേഖല കമ്മിറ്റിയാണ് ബുധനാഴ്ച പൊതിയെത്തിച്ചത്. പായസം വിളമ്പിയാണ് 200ാം ദിവസം ആഘോഷിച്ചത്. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ ഐ. സാജു, എ.എ. റഹീം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.