റാഗിങ്ങിനെതിരെ പരാതിപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിക്ക് ക്രൂരമർദനം ----------------------------------------------------------

കൊട്ടാരക്കര: റാഗിങ്ങിനെതിരെ പരാതിപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. മർദനമേറ്റ് അവശനായ ദലിത് വിദ്യാർഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കവല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയൻസ് വിദ്യാർഥി കണ്ണംകോട് പരുത്തിയിൽ തടത്തിൽ വീട്ടിൽ മൻമതിയുടെ മകൻ എൽ. സുമേഷിനെയാണ് (16) ഒരുകൂട്ടം സീനിയര്‍ വിദ്യാർഥികള്‍ സ്കൂൾ ഗ്രൗണ്ടിലിട്ട് മർദിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സീനിയര്‍ വിദ്യാർഥികളെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസ് ആരംഭിച്ചത് മുതൽ പ്ലസ് ടു വിഭാഗത്തിലെ ഒരുകൂട്ടം സീനിയർ വിദ്യാർഥികൾ റാഗിങ്ങി​െൻറ പേരില്‍ തന്നെ പീഡിപ്പിച്ചുവരുകയാെണന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാർഥി പറയുന്നു. മീശ വടിപ്പിക്കുക, ഷര്‍ട്ടി​െൻറ ബട്ടണ്‍ പൂർണമായി ഇടീക്കുക, സ്കൂൾ ഗ്രൗണ്ടിലെ തണൽമരത്തിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, മുടി പറ്റെവെട്ടാൻ പറയുക ഇവ അനുസരിച്ചിെല്ലങ്കിൽ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. സുമേഷിനെ കൂടാതെ പല പ്ലസ് വൺ വിദ്യാർഥികളും സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി സ്കൂളിലെ മറ്റ് വിദ്യാർഥികൾ പറയുന്നു. വെള്ളിയാഴ്ച റാഗിങ് അതിരുകടന്നപ്പോൾ സുമേഷ് പ്രിന്‍സിപ്പലിനെ കണ്ട് പരാതിപറയുമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകാൻ ഗ്രൗണ്ടിലെത്തിയ സുമേഷിനെ പത്ത് സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. അവശനായ വിദ്യാർഥിയെ പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സുമേഷ് സ്കൂൾ പ്രിൻസിപ്പലിന് പരാതിനൽകി. വിദ്യാർഥിയുടെ പരാതിയില്‍ ചൊവ്വാഴ്ച സ്‌കൂളില്‍നിന്ന് അഞ്ച് സീനിയര്‍ വിദ്യാർഥികളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. റാഗിങ് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ് പറഞ്ഞു. അതേസമയം കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.