സംരക്ഷണമില്ലാതെ പന്മന വട്ടക്കായൽ നശിക്കുന്നു

ചവറ: പ്രകൃതി മനോഹാരിതയും പരിസ്ഥിതി പ്രാധാന്യവുമുള്ള പന്മന വട്ടക്കായൽ നാശത്തിലേക്ക്. കരുനാഗപ്പള്ളി നഗരസഭയുടെയും പന്മന പഞ്ചായത്തി​െൻറയും അതിർത്തി പങ്കിടുന്ന വിശാലമായ കായലിൽ കെ.എം.എം.എൽ കമ്പനിയുടെ മലിനീകരണവും മാലിന്യനിക്ഷേപവും കാരണം ജലജീവികൾ പലതും അപ്രത്യക്ഷമായി. ദുർഗന്ധവും രോഗഭീതിയും പരിസരവാസികളെയും വലയ്ക്കുന്നു. ആസിഡ് കലർന്ന ജലം ഒഴുകി എത്തിയതോടെയാണ് കായൽ നാശോന്മുഖമായത്. കൊഞ്ച്, കരിമീൻ, പള്ളത്തി എന്നിവ യഥേഷ്ടം കായലിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഇവയെല്ലാം അന്യമായി. കായൽ മുഴുവൻ പായൽ വ്യാപിക്കുന്ന സ്ഥിതിയാണ്. സമൃദ്ധമായിരുന്ന കക്ക പേരിനുപോലും ഇല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരുകാലത്ത് സ്ത്രീകൾ ഉൾെപ്പടെ നിരവധിപേരാണ് കായലിൽനിന്ന് കക്ക വാരി ഉപജീവനം നടത്തിയിരുന്നത്. കന്നേറ്റി പാലത്തിലൂടെയും അല്ലാതെയും നിക്ഷേപിക്കുന്ന മാലിന്യം മുഴുവൻ കരയിൽ അടിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുരുങ്ങുന്നതും പതിവാണ്. മഴക്കാലത്ത് ജലനിരപ്പുയർന്ന് ആസിഡ് ജലം സമീപവീടുകളിലും പുരയിടങ്ങളിലും കയറിയതോടെ കൃഷിയും നശിച്ചു. വേനൽക്കാലത്ത് നികന്ന സ്ഥലത്തുനിന്ന് ചുവന്നനിറത്തിലുള്ള ആസിഡ് പൊടി പറന്നുകയറുന്നത് പതിവാണെന്ന് കായലോരത്തെ വീട്ടുകാർ പറയുന്നു. ടൂറിസം വട്ടക്കായലിൽ വികസനപദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നെങ്കിലും നടപ്പായില്ല. ടൂറിസം വകുപ്പി​െൻറ 40 ലക്ഷം രൂപയും ഫിഷറീസ് വകുപ്പി​െൻറ 20 ലക്ഷം രൂപയുമുൾപ്പെടുത്തിയുള്ള വികസനപദ്ധതികളാണ് ഉള്ളതത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.