*ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഓര്‍ഡിനന്‍സില്‍ ബുധനാഴ്ച ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇതിനെത്തുടര്‍ന്ന് ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു അധ്യക്ഷനായുള്ള ഫീ റെഗുലേറ്ററി കമ്മിറ്റി യോഗം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് ചേരും. സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട ഫീ റെഗുലേറ്ററി രൂപവത്കരണത്തില്‍ ക്രമവിരുദ്ധതയുണ്ടാവുകയും ഇതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഭേദഗതി ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ കോടതിയെയും അറിയിച്ചിരുന്നു. ആരോഗ്യവകുപ്പിനു പറ്റിയ ഗുരുതര വീഴ്ചയാണ് ഓര്‍ഡിനന്‍സില്‍ പിശകുകള്‍ വരുത്തിയത്. ഓര്‍ഡിനന്‍സ് പ്രകാരം പത്തംഗങ്ങളായിരുന്നു ഫീ റെഗുലേറ്ററി കമ്മിറ്റിയില്‍ വേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയില്‍ നാലംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫീസ് നിര്‍ണയത്തിന് മൂന്നു ഘടകങ്ങള്‍ മാത്രം പരിശോധിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഏഴു ഘടകങ്ങള്‍ ഫീസ് നിര്‍ണയത്തിന് പരിഗണിക്കാമെന്നാണ് പരാമർശിച്ചിരുന്നത്. ഇത്തരം തെറ്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും മെഡിക്കല്‍ പ്രവേശനംതന്നെ അവതാളത്തിലാകുകയും ചെയ്യുമെന്ന് ബോധ്യം വന്നതോടെയാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് തയാറായത്. ഭേദഗതി ഓര്‍ഡിനന്‍സിന് മുമ്പ് രാജേന്ദ്രബാബു കമ്മിറ്റി സ്വാശ്രയ കോളജുകളില്‍ ഏകീകൃത ഫീസ് ഘടനയായിരുന്നു നിശ്ചയിച്ചിരുന്നത്. 85 ശതമാനം സീറ്റില്‍ 5.5 ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.െഎ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് അന്ന് ഫീസ് നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് നിയമസാധുത ഭേദഗതി ഓര്‍ഡിനന്‍സിനു ശേഷം മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതിനാല്‍ ചൊവ്വാഴ്ച ചേരുന്ന ഫീ റെഗുലേറ്ററി കമ്മിറ്റി വീണ്ടും ഫീസ് ഘടന പരിശോധിച്ച് എന്തു തീരുമാനം കൈക്കൊള്ളുമെന്നതും നിര്‍ണായകമാണ്. സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ചും ഫീസ് ഘടന സംബന്ധിച്ചും വ്യക്തത ഉണ്ടായാല്‍ മാത്രമേ എൻട്രന്‍സ് കമീഷണര്‍ക്ക് അലോട്ട്മെൻറ് നടപടികള്‍ ഉള്‍പ്പെടെ കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂ. ഈ ആഴ്ചതന്നെ സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് സ്വീകരിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.