തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധിക്കാനിറങ്ങിയപ്പോൾ തിങ്കളാഴ്ച സെക്രേട്ടറിയറ്റിന് മുന്നിൽ സമരങ്ങളുടെ വേലിയേറ്റം. ചെറുതുംവലുതുമായ സമരപരമ്പയിൽ അക്ഷരാർഥത്തിൽ വെള്ളംകുടിച്ചത് വാഹനയാത്രികരും പൊതുജനങ്ങളും. തിങ്കളാഴ്ച രാവിലെ 11ഒാടെ സെക്രേട്ടറിയറ്റിന് മുന്നിൽ സമരപരിപാടികൾ ആരംഭിച്ചു. അംഗൻവാടി തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കുക, വര്‍ധിപ്പിച്ച ഓണറേറിയം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷെൻറ നേതൃത്വത്തിലായിരുന്നു ആദ്യ മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിലെത്തിയത്. മാർച്ചും തുടർന്നുള്ള ധർണയും സി.ഐ.ടി.യു ജില്ല സെക്രട്ടറി വി. ശിവന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു. തൊട്ടുപുറകെ തന്നെ തൊഴിലുറപ്പുപദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പിയും പകർച്ചപ്പനി വ്യാപിക്കുന്നതിനെതിരെ കോൺഗ്രസ് ജില്ല നേതൃത്വത്തിെൻറ പ്രകടനവും സെക്രേട്ടറിയറ്റിന് മുന്നിലേക്കെത്തിയതോടെ വാഹനങ്ങൾ വഴി തിരിച്ചുവിടൽ ആരംഭിച്ചു. സെക്രേട്ടറിയറ്റിന് മുന്നിലെ വലതുവശത്തെ റോഡ് വാഹനങ്ങൾക്കായി പൊലീസ് ഒഴിപ്പിച്ച് യാത്രക്കാർക്ക് താൽക്കാലികാശ്വാസം തീർത്തെങ്കിലും സമരക്കാരിൽനിന്ന് രക്ഷപ്പെടാൻ ഓട്ടോക്കാരും ഇരുചക്രവാഹനയാത്രികരും ഇടറോഡുകളിൽ തള്ളിക്കയറിയത് പൊലീസിെൻറ ഗതാഗതക്രമീകരണത്തെ താളംതെറ്റിച്ചു. ഇതോടെ വാഹനങ്ങൾ ഒച്ച് ഇഴയുന്ന അവസ്ഥയിലായി. ഇതിനിടിയിൽ പ്രസ്ക്ലബിന് സമീപത്തുള്ള ജി.എസ്.ടി ഭവനിലേക്ക് പാഴ്വസ്തു കച്ചവടക്കാർ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതും കുരുക്ക് മുറുക്കി. സിറ്റി പൊലീസും ട്രാഫിക് പൊലീസും രണ്ടരമണിക്കൂർ വിയർപ്പൊഴുക്കിയാണ് ഗതാഗതസംവിധാനം സാധാരണനിലയിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.