നിധി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: വ്യാജസിദ്ധന്‍ അറസ്റ്റില്‍

പേരൂര്‍ക്കട: നിധി എടുത്തുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍. വെട്ടുകാട് പള്ളിക്ക് സമീപം ലിയോണ്‍ ഹൗസില്‍ വര്‍ഗീസിനെയാണ് (44) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളൂര്‍ പോങ്ങുംമൂട് ജനശക്തി നഗറില്‍ ഗായത്രിഭവനില്‍ നിധിയുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടരലക്ഷം രൂപ തട്ടിയത്. അയല്‍വാസിയായ സ്ത്രീയാണ് ഇയാളെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്. വീട്ടില്‍ നിധിയുണ്ടെന്ന് ഉടമസ്ഥരെ വിശ്വസിപ്പിച്ച ശേഷം ഇത് എടുക്കുന്നതിന് പൂജകള്‍ ആവശ്യമുണ്ടെന്ന് ധരിപ്പിച്ചു. പൂജക്കും ഹോമത്തിനുമായി രണ്ടുലക്ഷം രൂപ ചെലവ് വരുമെന്നും പറഞ്ഞു. ഇത്രയും തുക കൈയിലില്ളെന്ന് അറിയിച്ചപ്പോള്‍ ഒന്നരലക്ഷം രൂപ കടം നല്‍കിയ ശേഷം മുദ്രപ്പത്രങ്ങളില്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്ന് പൂജകള്‍ നടത്തിയശേഷം വീട്ടമ്മയില്‍നിന്ന് രണ്ടര ലക്ഷം രൂപ തിരികെ വാങ്ങി കബളിപ്പിക്കുകയായിരുന്നു. കൂടാതെ സംഭവശേഷം മുദ്രപ്പത്രങ്ങള്‍ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിലാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാനായി മെഡിക്കല്‍ കോളജ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണില്‍ വീട്ടമ്മയെ വിളിച്ച ‘സിദ്ധനെ’ പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്ത പൊലീസിന് സമാനമായ നിരവധി തട്ടിപ്പ് കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞതായാണ് സൂചന. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്‍റ് കമീഷണര്‍ എ. പ്രമോദ്കുമാറിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ സി. ബിനുകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഗിരിലാല്‍, ക്രൈം എസ്.ഐ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജയബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നസീര്‍, നസീം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.