ബാലരാമപുരം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ളാസ് പി.ടി.എ യോഗത്തിനിടെ പ്രഥമാധ്യാപകനും അധ്യാപകനും നേരെ കൈയേറ്റശ്രമവും അസഭ്യവര്‍ഷവും. യോഗത്തില്‍ പങ്കെടുത്ത രക്ഷാകര്‍ത്താക്കള്‍ ഇറങ്ങിയോടി. പി.ടി.എ യോഗം അലങ്കോലമാക്കാനും ഒൗദ്യോഗിക കൃത്യം തടസ്സപ്പെടുത്താനും ശ്രമിച്ച ബാലരാമപുരം എ.വി.സ്ട്രീറ്റ് അലിഫ്മന്‍സിലില്‍ എ. റിഷാദിനെതിരെ ഹെഡ്മാസ്റ്റര്‍ സി. ക്രിസ്തുദാസും കെ.എസ്.ടി.എ ജില്ലാ കൗണ്‍സിലറും അധ്യാപകനുമായ എ.എസ്. മന്‍സൂറും ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി. പ്രധാനാധ്യപകന്‍ സ്കൂള്‍ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും 27ന് നടക്കുന്ന പരിപാടികളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് റിഷാദ് ക്ളാസ് മുറിയില്‍ പ്രകോപനമില്ലാതെ അതിക്രമിച്ച് കയറിയത്. കൈയേറ്റത്തിന് ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത എസ്.എം.സി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, അംഗം റഫീക്ക് എന്നിവരെയും രക്ഷാകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി. റിഷാദിന്‍െറ നേതൃത്വത്തില്‍ ചിലര്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന പി.ടി.എ വാര്‍ഷിക പൊതുയോഗം അലങ്കോലപ്പെടുത്തിയിരുന്നു. കോടതിയില്‍നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജില്ലപഞ്ചായത്തംഗം അഡ്വ. എസ്.കെ. പ്രീജ പി.ടി.എ തെരഞ്ഞെടുപ്പ് നടത്താന്‍ വിളിച്ച സര്‍വകക്ഷിയോഗവും റിഷാദും സംഘവും അലങ്കോലമാക്കി. സ്റ്റേ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ ഹെഡ്മാസ്റ്റര്‍ സി. ക്രിസ്തുദാസ്, എ.എസ്. മന്‍സൂര്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അനുകൂല വിധി ലഭിക്കുകയും അടിയന്തരമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വിധി സമ്പാദിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ചില സാമൂഹികവിരുദ്ധരുടെ ഒത്താശയോടെ കൈയേറ്റശ്രമം നടന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. റിഷാദിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അധ്യാപകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് കെ.എസ്.ടി.എ നേതൃത്വം നല്‍കുമെന്ന് സബ് ജില്ല സെക്രട്ടറി എസ്.ആര്‍. ഷിജിയും പ്രസിഡന്‍റ് എസ്. അനില്‍കുമാറും അറിയിച്ചു. സംഭവത്തില്‍ ബാലരാമപുരം സിറ്റിസണ്‍ ഫോറവും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.