കോവളം-ചെന്നൈ ഫെറി സര്‍വിസിന് 200 കോടി അനുവദിച്ചു –മന്ത്രി

കന്യാകുമാരി: കോവളം-കന്യാകുമാരി-രാമേശ്വരം-പുതുച്ചേരി-മഹാബലിപുരം വഴി ചെന്നൈയിലേക്ക് ഫെറി സര്‍വിസ് തുടങ്ങുന്നതിന് ആദ്യ ഗഡുവായി 200 കോടി അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കന്യാകുമാരിയില്‍ ശുചീന്ദ്രം പാലവും മറ്റ് 40 റോഡുകളും തുറന്നുകൊടുത്ത് നരികുളം പാലത്തിന്‍െറ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ സ്മാരകം, തിരുവള്ളുവര്‍ പ്രതിമ എന്നിവയെ ബന്ധിപ്പിച്ച് പാലംപണിയുന്നതിനും കന്യാകുമാരിയില്‍ ഒരു ബോട്ട് ജെട്ടി കൂടി നിര്‍മിക്കുന്നതിന് 27 കോടിയും കളിയിക്കാവിളയില്‍ ഫൈ്ളഓവര്‍ നിര്‍മിക്കുന്നതിന് 175 കോടിയും അനുവദിച്ചു. റോഡ് വികസനത്തിന് തുക ഒരു പ്രശ്നമില്ളെന്നും മന്ത്രി സൂചിപ്പിച്ചു. കന്യാകുമാരിയില്‍ നാലുവരിപ്പാത തുടങ്ങുന്ന സ്ഥലത്ത് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ റോഡ് സുരക്ഷ മ്യൂസിയം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എം.എല്‍.എമാരായ എസ്. ആസ്റ്റിന്‍, എന്‍. സുരേഷ്രാജന്‍, തമിഴ്നാട് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ്രഞ്ചന്‍, കലക്ടര്‍ സജ്ജന്‍സിങ് ആര്‍. ചവാന്‍ എന്നിവര്‍ പങ്കെടുത്തു. കുളച്ചല്‍ (ഇനയം) തുറമുഖത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് സമീപവാസികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും പൊന്‍ രാധാകൃഷ്ണനും പറഞ്ഞു. ഒരാളുടെയും സ്വത്തിനും പ്രാര്‍ഥനകേന്ദ്രത്തിനും കേട് വരാത്ത രീതിയിലാണ് തുറമുഖം രൂപകല്‍പന ചെയ്തിട്ടുള്ളത്. തുറമുഖം വരുന്നതോടെ ഇനയത്ത് മത്സ്യബന്ധനത്തിനായി അത്യാധുനിക രീതിയിലുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. വ്യജ പ്രചാരണം ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഇനയത്ത് തുറമുഖവിരുദ്ധ സമിതി പ്രതിഷേധം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.