പ്രാന്തപ്രദേശ വികസന ഇടനാഴി; അണ്ടൂര്‍ക്കോണത്ത് പ്രതിഷേധം ശക്തം

കഴക്കൂട്ടം: മംഗലപുരം-വെങ്ങാനൂര്‍ പ്രാന്തപ്രദേശ വികസന ഇടനാഴി നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. വിവിധ പദ്ധതികള്‍ക്ക് പലതവണ സ്ഥലം ഏറ്റെടുത്ത അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ പുതിയ സംരംഭത്തിനും സ്ഥലമേറ്റെടുക്കാന്‍ പോകുന്നുവെന്നത് പ്രദേശവാസികളില്‍ കടുത്ത ആശങ്കക്ക് ഇടയാക്കുന്നു. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കൊഴിവാക്കാനാണ് വെങ്ങാനൂര്‍-മംഗലപുരം 55 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒൗട്ടര്‍ ഗ്രോത്ത് കോറിഡോര്‍ നിര്‍മിക്കുന്നത്. ജില്ലയിലെ 13 പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത 829 കോടി മുതല്‍മുടക്കിലാണ് നിര്‍മാണം. പദ്ധതിക്ക് അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ 108 ഏക്കറും മംഗലപുരത്ത് 60 ഏക്കറും ഏറ്റെടുക്കാനാണ് പദ്ധതിയുള്ളത്. പന്തലക്കോട് 85 ഏക്കര്‍സ്ഥലവും മാറനല്ലൂരില്‍ 90 ഏക്കറും നീറമണ്‍കുഴിയില്‍ 95 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സി.ആര്‍.പി.എഫ്, 230 കെ.വി സബ്സ്റ്റേഷന്‍, ടെക്നോസിറ്റി, പവര്‍ഗ്രിഡ്, ദേശീയ പാതവികസനം എന്നിവക്കായി അണ്ടൂര്‍ക്കോണം പഞ്ചായത്തിന്‍െറ വലിയ ഒരുഭാഗം സര്‍ക്കാര്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റെടുത്തിട്ടുണ്ട്. തുച്ഛമായ വിലയാണ് വിവിധ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുത്തപ്പോള്‍ ഉടമകള്‍ക്ക് ലഭിച്ചതത്രേ. ഇതിനുപുറമേയാണ് വീണ്ടും പുതിയ സ്ഥലമേറ്റെടുക്കാന്‍ നീക്കം നടക്കുന്നത്. സാറ്റലൈറ്റ് സര്‍വേ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ പ്രാഥമിക നടപടിക്രമങ്ങള്‍ നടന്നതേയുള്ളൂവെന്നും അന്തിമതീരുമാനമായിട്ടില്ളെന്നും അധികൃതര്‍ പറയുന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ അണ്ടൂര്‍ക്കോണത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭൂമി വിട്ടുനല്‍കാനാകില്ളെന്ന് ഡിസംബറില്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. അണ്ടൂര്‍ക്കോണം സബ്സ്റ്റേഷനും ടെക്നോസിറ്റിക്കുമായി ഭൂമിയേറ്റെടുത്തപ്പോള്‍ മാറി പുതിയ സ്ഥലംവാങ്ങി താമസിച്ചവരുള്‍പ്പെടെ വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. മംഗലപുരം, അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്ന് മുന്നൂറോളം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു. അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ മാത്രം നിലവില്‍ തയാറാക്കിയ മാപ്പ് പ്രകാരം ഇരുന്നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമത്രെ. വിവിധ പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കിയവര്‍ മാറിവന്ന് താമസിക്കുന്നയിടമാണ് ഇവിടെയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇവിടെ വീണ്ടുമൊരു സ്ഥലമേറ്റെടുക്കലും കുടിയൊഴിപ്പിക്കലും അനുവദിക്കില്ളെന്ന് പഞ്ചായത്തംഗം മുഹമ്മദ് ഷാഫി പറഞ്ഞു. പഞ്ചായത്ത് യോഗം കൂടി ജനപ്രതിനിധികളും പ്രദേശികനേതാക്കളുമടക്കമുള്ളവര്‍ സ്ഥലമേറ്റെടുക്കലിനെ എതിര്‍ത്ത് പ്രമേയം പാസാക്കി. സി.ആര്‍.ഡി.പി അധികൃതര്‍ പഞ്ചായത്ത് പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഇപ്പോള്‍ നടക്കുന്ന സാറ്റലൈറ്റ് സര്‍വേകള്‍ പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും രണ്ട് മൂന്ന് പ്രൊജക്ഷനുകള്‍കൂടി നോക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തവിധത്തില്‍ മാത്രമേ സ്ഥലമേറ്റെടുക്കലുണ്ടാകൂവെന്നും സി.ആര്‍.ഡി.പി അധികൃതര്‍ അറിയിച്ചതായി പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.