അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷിക്കും; ഷോപ്പിങ് കോംപ്ളക്സ് പദ്ധതി ഉപേക്ഷിച്ചു

തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സ്കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തി വന്ന പോരാട്ടത്തിന് ഒടുവില്‍ വിജയം. കിഴക്കേക്കോട്ടയിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ അട്ടക്കുളങ്ങര ഗവണ്‍മെന്‍റ് സെന്‍ട്രല്‍ ഹൈസ്കൂളിന്‍െറ ഭൂമി ഏറ്റെടുത്ത് ബസ് ബേയും ഷോപ്പിങ് കോംപ്ളക്സും നിര്‍മിക്കാന്‍ മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തിരുവനന്തപുരം വികസന ഏജന്‍സി (ട്രിഡ) വഴി നടപ്പാക്കാനായി മുന്‍ സര്‍ക്കാറിന്‍്റെ കാലത്ത് തയാറാക്കിയ പദ്ധതിയാണ് മന്ത്രിസഭ തള്ളിയത്. അഞ്ചേക്കറിലധികം വരുന്ന സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് രണ്ടേക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. സ്കൂളിന്‍െറ നിലവിലെ ഒരു കെട്ടിടം ഇടിച്ചും സ്കൂള്‍ വളപ്പിലെ ചില മരങ്ങള്‍ മുറിച്ചും പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. ഇതിനു പകരം സ്കൂളിന്‍്റെ മറ്റൊരു കെട്ടിടത്തിനൊപ്പം 10 ക്ളാസ് മുറികള്‍ നിര്‍മിച്ചുനല്‍കാനായിരുന്നു പദ്ധതി. ബസ് ബേക്ക് ഒപ്പം നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ളക്സില്‍ കിഴക്കേകോട്ടയില്‍നിന്ന് ഒഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയും ട്രീ വാക് എന്ന സംഘടനയും സ്കൂള്‍ ഏറ്റെടുക്കലിനെതിരെ രംഗത്ത് വന്നു. സ്കൂളും മരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ സംരക്ഷണ സമിതി നടത്തിയ സമരത്തില്‍ വി.എസ്. അച്യുതാനന്ദന്‍, സുഗതകുമാരി തുടങ്ങിയവരും പങ്കുചേര്‍ന്നു. കോടതി അനുമതിയോടെ നിര്‍മാണ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും എതിര്‍പ്പുമൂലം നിര്‍ത്തിവെക്കേണ്ടിവന്നു. നഗരസഭയും സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.