കല്ലമ്പലം: ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വേര്‍തിരിവില്ലാതെ ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന തുല്യപൗരന്മാര്‍ എന്ന നിലപാടാണ് നമുക്കുണ്ടാകേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സാംസ്കാരിക സംഗമം അഭിപ്രായപ്പെട്ടു. ‘രാഷ്ട്രം, വിശ്വാസം, സഹിഷ്ണുത’ തലക്കെട്ടില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ടി. മുഹമ്മദ് വേളം വിഷയമവതരിപ്പിച്ചു. ഭൂരിപക്ഷ ജനങ്ങളുടെ ആചാരങ്ങളെയും മതചിഹ്നങ്ങളെയും ദേശീയതയായി അവതരിപ്പിച്ച് ബഹുസ്വരതയുടെ മേല്‍ അടിച്ചേല്‍പിക്കുന്ന സമീപനമാണ് ഇന്ന് രാഷ്ട്രസ്നേഹമായി വ്യാഖ്യാനിക്കപ്പെടുന്നതെന്നും ഇതു രാജ്യത്ത് കടുത്ത അസഹിഷ്ണുത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക ദേശീയതക്ക് പകരം ജനാധിപത്യവത്കരിക്കപ്പെട്ട ദേശീയതയാണ് രാജ്യത്തിന് ആവശ്യം. ജനാധിപത്യവത്കരിക്കപ്പെടാത്ത ദേശീയത കാരണമാണ് ഭരണകൂടം ഏതു ജനവിരുദ്ധ പ്രവര്‍ത്തനവും ദേശീയതയുടെ പേരില്‍ ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം എന്നത് കേവലം ഭൂമിയോ അതിര്‍ത്തിയോ ഭരണാധികാരിയോ അല്ല; അതിലെ ജനമാണ്. മതേതരത്വവും മതസൗഹാദവും വ്യത്യസ്തമാണെന്നും മതസൗഹാര്‍ദം ഭരണഘടനാപരമല്ല; മതേതരത്വമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും സെമിനാറില്‍ സംസാരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മത ന്യൂനപക്ഷങ്ങള്‍ക്ക് എക്കാലത്തും ഇന്ത്യയില്‍ പ്രാതിനിധ്യവും പരിഗണനയും ലഭിച്ചുപോന്നിട്ടുണ്ട്. ദേശീയപതാകയിലെ വര്‍ണങ്ങള്‍ പോലും വ്യത്യസ്ത മത വിഭാഗങ്ങളെ പരിഗണിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും സ്റ്റേറ്റ് യൂത്ത് കമീഷന്‍ കോഓഡിനേറ്റര്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘ഇസ്ലാം സന്തുലിതമാണ്’ തലക്കെട്ടില്‍ നടത്തുന്ന ജില്ല സമ്മേളനത്തിന്‍െറ മുന്നോടിയായി സംഘടിപ്പിച്ച സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ബിഷപ് ഹൗസ് വികാരി ജനറല്‍ റവ. ഫാ. യൂജിന്‍ പെരേര, ഗോകുല്‍ദാസ് (എസ്.എന്‍.ഡി.പി), ഫാ. നോബിള്‍ ബ്രൈറ്റ് (സി.എസ്.ഐ ചര്‍ച്ച്), ജെ.ആര്‍. രവി (ആറ്റിങ്ങല്‍ റെസിഡന്‍റ്സ് അസോസിയേഷന്‍), നാസിമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എസ്. ഹിഷാമുദ്ദീന്‍ സ്വാഗതവും നാസിമുദ്ദീന്‍ ആലംകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.