സര്‍വേയില്‍ ഉള്‍പ്പെട്ടില്ല: കോര്‍പറേഷനില്‍ പതിനായിരത്തോളം പേരുടെ ക്ഷേമപെന്‍ഷന്‍ റദ്ദാക്കി

തിരുവനന്തപുരം: കോര്‍പറേഷന്‍ പരിധിയിലെ പതിനായിരത്തോളം പേരുടെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടാത്തതാണ് കാരണം. സര്‍വേ നടത്തുന്നതിനു മുമ്പ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായ 64,967 പേര്‍ കോര്‍പറേഷന്‍ പരിധിയിലുണ്ടായിരുന്നു. ഇതില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച 54,820 പേര്‍ക്കുള്ള പെന്‍ഷന്‍ മാത്രമാണ് നിലവില്‍ അനുവദിച്ചത്. പെന്‍ഷന്‍ ഏതുമാര്‍ഗം വേണമെന്നുള്ള സത്യവാങ്മൂലം നല്‍കാത്തതും ഒന്നിലധികം ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്ന് തെളിഞ്ഞതുമാണ് പെന്‍ഷന്‍ റദ്ദാക്കാന്‍ കാരണമത്രെ. പുതുവര്‍ഷത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് പണം അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചെങ്കിലും കിട്ടാതെ വന്നതോടെ കോര്‍പറേഷനില്‍ വിവരം തിരക്കിയപ്പോഴാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന വിവരം പലരും അറിഞ്ഞത്. മുമ്പ് വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങിയ 6000 പേര്‍ ഇനിയും സത്യവാങ്മൂലം നല്‍കാനുണ്ടെന്നാണ് കണക്ക്. സത്യവാങ്മൂലം നല്‍കിയ 27,682 പേര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ മാത്രമേ സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിട്ടുള്ളു. 1684 പേര്‍ക്കാണ് നിലവില്‍ കാര്‍ഷിക പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ മുമ്പ് പണം കൈപ്പറ്റിയിരുന്ന 350 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. വികലാംഗ പെന്‍ഷന് വാങ്ങിയിരുന്ന 1100 പേരും വിധവ പെന്‍ഷന്‍ വാങ്ങിയിരുന്ന 2200 പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. വികലാംഗ പെന്‍ഷന് 4688 പേര്‍ക്കും വിധവ പെന്‍ഷന് 19,849 പേര്‍ക്കുമുള്ള പണമാണ് നിലവില്‍ അനുവദിച്ചത്. 50 വയസ്സിന് മേലേയുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ 191 പേര്‍ ഇനിയും സത്യവാങ്മൂലം നല്‍കാത്തതിനാല്‍ പട്ടികക്ക് പുറത്തതാണ്. ഈ വിഭാഗത്തില്‍ 917 പേര്‍ക്കുള്ള പെന്‍ഷനാണ് ഇപ്പോള്‍ അനുവദിച്ചത്. ഒന്നിലധികം ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്ന സംശയത്തിന്‍െറ അടിസ്ഥാനത്തിലും പെന്‍ഷന്‍ ഏതുമാര്‍ഗം വേണമെന്ന് അറിയാനുമാണ് മുഴുവന്‍ ക്ഷേമ പെന്‍ഷന്‍കാരുടെയും വിവര ശേഖരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളാണ് സര്‍വേ നടത്തിയത്. പെന്‍ഷന്‍ വാങ്ങുന്നവരെ നേരിട്ടുകണ്ട് വിവരശേഖരണം നടത്താനായിരുന്നു നിര്‍ദേശം. കഴിഞ്ഞ ഓണത്തിനു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മേല്‍വിലാസത്തിലെ മാറ്റം കാരണം മുഴുവന്‍ പെന്‍ഷന്‍കാരെയും നേരിട്ടുകാണാന്‍ കഴിയാത്തതിനാല്‍ സര്‍വേ ഫലപ്രദമായി പൂര്‍ത്തിയാക്കാനായില്ല. കുടുംബശ്രീ നടത്തുന്ന സര്‍വേയുമായി കോര്‍പറേഷനിലെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ സഹകരിക്കാത്തതും കാലതാമസമുണ്ടാക്കി. ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തങ്ങള്‍ പെന്‍ഷന് അര്‍ഹരാണോയെന്ന് അറിയാന്‍ കോര്‍പറേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.