നെക്കിള്‍ പുഷ് അപ്പില്‍ റെക്കോഡ് ഭേദിച്ച് ജാക്സണ്‍ ആര്‍. ഗോമസ്

ആറ്റിങ്ങല്‍: നെക്കിള്‍ പുഷ് അപ്പില്‍ ലോക റെക്കോഡ് നേടി ആറ്റിങ്ങല്‍ സ്വദേശി. പാര്‍വതിപുരം വൈഭവത്തില്‍ ജാക്സണ്‍ ആര്‍. ഗോമസാണ് ലോകറെക്കോഡ് നേടിയത്. ഒരു മിനിറ്റില്‍ 93 നെക്കിള്‍ പുഷ് അപ് എടുത്താണ് ജാക്സണ്‍ റെക്കോഡ് ഭേദിച്ചത്. ഒരു മിനിറ്റില്‍ 84 പുഷ് അപ്പെടുത്ത കാനഡക്കാരന്‍ റോയിബര്‍ഗറുടേതായിരുന്നു ഇതുവരെ ഈ വിഭാഗത്തിലെ മികവ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ജാക്സണ്‍ നേട്ടം സ്വന്തമാക്കിയത്. ബോക്സിങ്ങില്‍ കേരളത്തിന് വേണ്ടി രണ്ടുതവണ വെള്ളി നേടിയ ജാക്സണ്‍ 2011ല്‍ മാസ്റ്റേഴ്സ് വിഭാഗം മിസ്റ്റര്‍ കേരളയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇത്തരമൊരു റെക്കോഡ് ഭേദിക്കണമെന്ന തീരുമാനമെടുത്തത്. തുടര്‍ന്ന് പരിശീലനം ആരംഭിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് അധികൃതരുമായി ബന്ധപ്പെടുകയും അവര്‍ നല്‍കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നെക്കിള്‍ പുഷ് അപ് പ്രദര്‍ശനം നടത്തുകയുമായിരുന്നു. ട്രിവാന്‍ഡ്രം ബോഡി ബില്‍ഡിങ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ആര്‍.ആര്‍.എഫ് കമാന്‍ഡന്‍റ് ബി.കെ. പ്രശാന്തന്‍ മുഖ്യ നിരീക്ഷകനായിരുന്നു. കേരള ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി, പ്രസിഡന്‍റ് ലെസ്ലെ ജോണ്‍ പീറ്റര്‍, ഭാരവാഹികളായ സുധാകരന്‍.എസ്, എസ്.സുരേഷ്കുമാര്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. റെക്കോഡ് ഭേദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് അധികൃതര്‍ നല്‍കിയ മാനദണ്ഡപ്രകാരം പകര്‍ത്തി അവര്‍ക്ക് അയച്ചുനല്‍കി. 12 ആഴ്ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് സംഘാടകര്‍ പറഞ്ഞു. സ്ഥിരം ജിംനേഷ്യത്തില്‍ വ്യായാമം പരിശീലിപ്പിക്കുന്നയാളാണ് ജാക്സണ്‍. 35 വര്‍ഷമായി ഇത് തുടരുകയാണ്. ഹിഫ്സ എന്ന ആരോഗ്യസംഘടനയുടെ സ്ഥാപക പ്രസിഡന്‍റും ആറ്റിങ്ങല്‍ മള്‍ട്ടി ജിം സെക്രട്ടറിയും പരിശീലകനുമാണ്. ലഹരിവിരുദ്ധ പ്രചാരണഭാഗമായാണ് ലോക റെക്കോഡ് നേടുന്നതെന്ന് ജാക്സണ്‍ പറഞ്ഞു. ഭാര്യ സോണാമേരിയും മക്കളായ അജാക്സ്, സാന്‍ട്ര എന്നിവരും സുഹൃത്തുക്കളും പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. ‘റിയല്‍ ഫൈറ്റര്‍’ സിനിമയില്‍ ബോക്സിങ് ചാമ്പ്യന്‍െറ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.