കിളിമാനൂര്‍: കാല്‍നടപോലും അസാധ്യമാകുംവിധം പൊട്ടിത്തകര്‍ന്ന് കല്ലറ-പാങ്ങോട് റോഡിന്‍െറ പുനര്‍നിര്‍മാണത്തിന്‍െറ അനിശ്ചിതത്വത്തിന് വിരാമം. റോഡ് പുനര്‍നിര്‍മാണത്തിന് മുന്നോടിയായ സ്ഥലം ഏറ്റെടുപ്പ് ഇന്നുമുതല്‍ തുടങ്ങും. കഴിഞ്ഞദിവസം എം.എല്‍.എ ഡി.കെ. മുരളിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത വിവിധ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനമായത്. ആദ്യഘട്ടമായി പാങ്ങോട് പഞ്ചായത്തിലെ മരുതമണ്‍ മുതല്‍ ഭരതന്നൂര്‍ സ്കൂള്‍ ജങ്ഷന്‍ വരെയുള്ള അഞ്ചര കിലോമീറ്ററിലാണ് സ്ഥലമെടുപ്പ് നടക്കുക. ഈഭാഗത്ത് 12 മീറ്റര്‍ വീതിയില്‍ അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാകും നടക്കുക. സ്ഥലമേറ്റെടുപ്പ് അധികൃതര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കാരണം റോഡില്‍ ഏറിയഭാഗവും സ്വകാര്യവ്യക്തികള്‍ കൈയേറിയ നിലയിലാണ്. കൈയേറിയ ഭാഗങ്ങളില്‍ പലയിടത്തും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള നിര്‍മാണങ്ങള്‍ നീക്കേണ്ടി വരും. കൈയേറ്റങ്ങളും പുറമ്പോക്ക് വസ്തുവും അളന്ന് തിട്ടപ്പെടുത്തിയാല്‍ അടുത്തദിവസം മുതല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. റോഡില്‍ ആവശ്യയിടങ്ങളിലായി നാല് കിലോമീറ്ററോളം റോഡുവശത്ത് ഓട നിര്‍മിക്കും. രണ്ട് വര്‍ഷത്തോളമായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപംനല്‍കി ജനകീയ സമിതിയുടെ സമരങ്ങളുടെയും ധര്‍ണകളുടെയും ഫലമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ധിച്ചത്. ബുധനാഴ്ച രാവിലെ ജനകീയസമിതി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സ്ഥലമെടുപ്പ് ആരംഭിക്കും. റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നേതൃത്വം കൊടുക്കും. ആവശ്യമെങ്കില്‍ പൊലീസിന്‍െറ സഹായവും തേടും. ആദ്യഘട്ടമായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഏഴുകോടി വിനിയോഗിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ ഡി.കെ. മുരളി, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഗീത, നെടുമങ്ങാട് തഹസില്‍ദാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ കാരേറ്റ്-പാലോട് റോഡിലെ ഈ നിര്‍മാണം പൂര്‍ത്തിയാല്‍ രണ്ടാംഘട്ടമായി കാരേറ്റ് മുതല്‍ കല്ലറവരെയുള്ള ഭാഗമാകും പൂര്‍ത്തിയാക്കുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായതാണ് ഈ റോഡിന്‍െറ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.