മെഡക്സിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന്‍െറ 65ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥി യൂനിയനും തിരുവനന്തപുരം മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ളോബല്‍ മെഡിക്കല്‍ എക്സിബിഷന്‍ ‘മെഡക്സി’ന്‍െറ ഉദ്ഘാടനം ബുധനാഴ്ച രാവിലെ മെഡിക്കല്‍ കോളജ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തും. മനുഷ്യ ജീവിതചക്രത്തെക്കുറിച്ചും ആരോഗ്യവിദ്യാഭ്യാസരംഗത്തെ പുതിയ കാഴ്ചപ്പാടുകളെ സംബന്ധിച്ചും അറിവ് നല്‍കുന്ന മെഡക്സ് പ്രദര്‍ശനം ഈമാസം 31വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ എല്ലാ വിഭാഗങ്ങളുടെയും ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, ആര്‍.സി.സി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, ഡെന്‍റല്‍ കോളജ്, മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന്‍, പി.ടി.എ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെയും സഹകരണത്തോടെയാണ് മെഡക്സ് സാക്ഷാത്കരിക്കുന്നത്. മെഡിക്കല്‍ കോളജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്ത് 55 പവലിയനുകളിലായാണ് പ്രദര്‍ശനം സജ്ജമാക്കിയിരിക്കുന്നത്. ആന്തരികാവയവങ്ങളുടെ ഭീമാകാര മോഡലുകള്‍, തത്സമയ ശസ്ത്രക്രിയകള്‍, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി, പ്രൊജക്ടര്‍ പ്രസന്‍േറഷന്‍, പ്രദര്‍ശന വസ്തുക്കളുടെ മ്യൂസിയം പ്രസന്‍േറഷന്‍ കൂടാതെ നിരവധി വ്യത്യസ്തമായ ആശയങ്ങള്‍ മെഡക്സില്‍ കാണാം. മനുഷ്യന്‍െറ ഉല്‍പത്തി മുതല്‍ ജനനം, വളര്‍ച്ച, രോഗം, മരണം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ അനന്തസാധ്യതകള്‍ വരെ ഇവിടെ ദൃശ്യമാകും. പ്രദര്‍ശനത്തിന്‍െറ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഐ.എം.എയുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മെഡ് ടോക് എന്ന പേരില്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ് പ്രവേശനം. 100 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. എന്നാല്‍ പ്രത്യേകമായി തയാറാക്കിയ മുഴുവന്‍ സ്റ്റാളുകളും കാണാന്‍ 200 രൂപ ടിക്കറ്റെടുക്കണം. 100 പേരില്‍ കൂടുതലത്തെുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാള്‍ക്ക് 50 രൂപയേ ഈടാക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.